ഇടുക്കി: തൊടുപുഴയിൽ സ്വന്തം മകനേയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിൽ പിതാവ് ഹമീദിന് പരമാവധി ശിക്ഷ നൽകണമെന്ന് മൂത്തമകൻ ഷാജി. പിതാവ് തന്നെയും കൊലപ്പെടുത്തുമോ എന്ന ഭയമുണ്ടെന്ന് ഷാജി പറഞ്ഞു. കൊല്ലുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഹമീദിനെ പേടിച്ചാണ് ജീവിക്കുന്നത്. പിതാവ് പുറത്തിറങ്ങിയാൽ തന്റെ കുടുംബത്തേയും കൊലപ്പെടുത്തുമെന്ന് ഷാജി പറഞ്ഞു.
ഹമീദിനെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഷാജി വ്യക്തമാക്കി. പിതാവിന് പരമാവധി ലഭിക്കാൻ ഏതറ്റം വരേയും പോകും. പിതാവിനെ പേടിയാണ്. അനിയനേയും കുടുംബത്തേയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങരുത്. കടുത്ത ശിക്ഷ തന്നെ ലഭിക്കണം. പ്രാണഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഷാജി പറഞ്ഞു.
പിതാവിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. ‘ഞങ്ങൾ മക്കൾക്കെതിരെ 50 തിലേറെ കേസ് നിലവിലുണ്ട്. പലതും സെറ്റിൽ ചെയ്തു. കേസുകൾ ഞങ്ങൾക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്‌ക്കെതിരെ ഞങ്ങൾ കേസ് കൊടുത്തിരുന്നില്ല. സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയൻ മുഹമ്മദ് ഫൈസൽ വാപ്പക്കെതിരെ ഒരു കേസ് കൊടുത്തത്. അവന്റെ ചെറിയ കുഞ്ഞിനെ ഉപദ്രവിച്ചപ്പോഴാണ് അങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്’ ഷാജി പറഞ്ഞു.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഹമീദ് വീടിന് തീയിടുന്നത്. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് പുറത്തിറങ്ങി ജനലിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രക്ഷപെടാതിരിക്കാൻ വാതിലും ജനലുകളും പൂട്ടുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തു. ഒരു വർഷത്തിലേറെയായി മകന്റെ കുടുംബവുമായി തർക്കമുണ്ടായിരുന്നുവെന്നും കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് അറിയിച്ചു.
















Comments