കത്വ: പാക് അധീന കശ്മീർ മേഖല ഇന്ത്യയുടെ ഭാഗമാക്കി മാറ്റുമെന്ന ബിജെപിയുടെ വാഗ്ദ്ദാനം പാലിക്കുകതന്നെ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്. മഹാരാജ ഗുലാബ് സിംഗിന്റെ പ്രതിമ അനാഛാദനം ചെയ്തതിന് ശേഷമാണ് ജിതേന്ദ്രസിംഗ് പാക് അധീന കശ്മീരിനെ പരാമർശിച്ചത്. എങ്ങിനെയാണോ ജമ്മുകശ്മീരിലെ 370-ാം വകുപ്പ് നീക്കം ചെയ്തത് അതുപോലെ തന്നെ എല്ലാ വിഷയങ്ങളും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കായി പരിഹരിക്കുമെന്നും ജിതേന്ദ്രസിംഗ് വ്യക്തമാക്കി.
ബിജെപി നടത്തിയിട്ടുള്ള വാഗ്ദ്ദാനങ്ങളിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. അത് എപ്പോഴാണ് നടക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് മനസ്സിലാകണമെന്നില്ല. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് എടുത്തുകളയുന്ന വിഷയത്തിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുമ്പോൾ അത് ഒരു തമാശയായിരിക്കുമെന്നാണ് ജനങ്ങൾ കരുതിയതെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു. അതുപോലത്തെ അവസ്ഥയാണ് നിലവിൽ പാക് അധീന കശ്മീരിനെ പരാമർശിക്കുമ്പോഴും ഉയരുന്നത്. ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളായ ഏത് മേഖലയും തിരികെ പിടിക്കാൻ ബിജെപി പ്രതിജ്ഞാ ബദ്ധമാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇന്ത്യൻ പാർലമെന്റ് 1994ൽ പാസാക്കിയ പ്രമേയം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഭാഗമായിരുന്ന ഏതൊക്കെ പ്രദേശങ്ങളാണോ പാകിസ്താൻ കയ്യേറിയത് അവയെല്ലാം തിരികെ നൽകണമെന്നാണ് ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലുള്ളത്. ജനങ്ങൾക്ക് നൽകിയ ആ വാക് പാലിക്കാൻ ബിജെപി പ്രതിജ്ഞാ ബദ്ധമാണെന്നും ജിതേന്ദ്രസിംഗ് ഓർമ്മിപ്പിച്ചു.
















Comments