ന്യൂഡൽഹി: കൊറോണ കാലത്തെ മാന്ദ്യത്തെ മറികടന്ന് കുതിക്കാനും മേഖലയിലെ പ്രതിരോധ രംഗത്തെ ജാഗ്രത കൂട്ടാനും ക്വാഡ് സഖ്യത്തിലെ കരുത്തന്മാരുടെ സമ്മേളനം ഇന്ന്. ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം മുൻനിർത്തി ഓസ്‌ട്രേലിയയാണ് വിവിധമേഖലകളിൽ തുടർ ചർച്ച നടത്തുന്നത്. വെർച്വൽ യോഗത്തിൽ ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരും വിദേശകാര്യ-പ്രതിരോധ മന്ത്രിമാരും പങ്കെടുക്കും.
ഇന്ത്യ-ഓസ്‌ട്രേലിയ പ്രതിരോധ-വാണിജ്യ മേഖലയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങൾ നടക്കുമെന്ന പ്രതീക്ഷയാണുള്ളത്. ക്വാഡിന്റെ ഭാഗമായ ശേഷം ഇരുരാജ്യങ്ങളും രണ്ടാം തവണയാണ് ഒരു സമഗ്രമായ സമ്മേളനത്തിനായി ഒത്തുകൂടുന്നത്. വാണിജ്യ-വിദ്യാഭ്യാസമേഖലയിൽ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം സുശക്തമാകുമെന്ന സൂചനയാണ് വാണിജ്യമന്ത്രാലയം നൽകുന്നത്. ഇന്ത്യയിൽ ഓസ്‌ട്രേലിയൻ കമ്പനികൾ ഉടൻ മുതൽ വൻതോതിൽ മുടക്കും. ഒപ്പം വിവിധ ഉൽപ്പന്നങ്ങൾക്കുള്ള കയറ്റുമതി ഇറക്കുമതി തിരിവുകളിൽ കാര്യമായ കുറവ് വരുത്തുമെന്നും വാണിജ്യമന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി.
ഇന്ത്യ-ഓസ്‌ട്രേലിയയുമായി ഖനനമേഖലയിൽ തന്ത്രപരമായ ലോഹങ്ങളുടെ കാര്യത്തിലാണ് മറ്റൊരു തീരുമാനം എടുക്കാനുള്ളത്. മെറ്റാലിക് കോൾ, ലിഥിയം എന്നിവയിൽ ഓസ്‌ട്രേലിയ നൽകുന്ന സഹായം വാഹന നിർമ്മാണ രംഗത്ത് പ്രത്യേകിച്ച് ഇലട്രിക് വാഹന നിർമ്മാണ ത്തിൽ ഗുണംചെയ്യുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഖനന വിഷയത്തിൽ കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി ഉടൻ ഓസ്‌ട്രേലിയ സന്ദർശിക്കുമെന്നാണ് അറിവ്.
കഴിഞ്ഞവർഷം രാജ്‌നാഥ് സിംഗും എസ്.ജയശങ്കറും അടങ്ങുന്ന മന്ത്രിമാർ ഓസ്‌ട്രേലിയൻ പ്രതിരോധ-വിദേശകാര്യമന്ത്രിമാരുമായി നടന്ന യോഗത്തിന്റെ തുടർച്ചയാണ് ഇന്ന് നടക്കുന്നത്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം നിലവിൽ 7,21,000 പേരാണ്. ഏറ്റവും മികച്ച തൊഴിലാളികളെ ഓസ്‌ട്രേലിയക്ക് നൽകുന്ന ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നതും വലിയ മുന്നേറ്റമാണ് ഇന്ത്യ-ഓസ്‌ട്രേലിയ നയതന്ത്രബന്ധത്തിന് നൽകിയിട്ടുള്ളത്.
















Comments