ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് രണ്ട് ഹർജികൾ ഫയൽ ചെയ്തു. ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കർണാടക ബന്ദിന് ആഹ്വാനം ചെയ്ത സംഘടനകൾക്കെതിരെയാണ് ഹർജി. ബെംഗളൂരുവിലെ അഭിഭാഷകൻ അമൃതേഷ് ആണ് കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തത്. രജിസ്ട്രാർ ജനറലിന് അയച്ച കത്തിൽ, ‘അധികാരികത കുറയ്‌ക്കുകയും നീതിന്യായനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്യുന്ന’ സ്ഥാപനങ്ങൾക്കെതിരെ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇത് ഞെട്ടലും ആശ്ചര്യവും ഉളവാക്കുന്നു, ബഹുമാനപ്പെട്ട കോടതിയുടെ വിധിയെ അപകീർത്തിപ്പെടുത്താനും നീതിന്യായ സ്ഥാപനങ്ങളുടെ പദവി താഴ്‌ത്തി കെട്ടാനും ഉദ്ദേശിച്ചുള്ള താണ് സംഘടനകളുടെ നടപടി. ഹൈക്കോടതി വിധിക്കെതിരെ നിരവധി സംഘടനകൾ കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. ഇതുകൂടാതെ, അച്ചടി, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി നിരവധി അഭിമുഖങ്ങളും പത്രക്കുറിപ്പുകളും നടത്തിയിട്ടുണ്ട്,” അഭിഭാഷകന്റെ കത്തിൽ പറയുന്നു.
കർണാടക ഹൈക്കോടതിക്ക് മുമ്പാകെയുള്ള ഹിജാബ് വിഷയത്തിൽ ഹർജിക്കാർ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ‘നിരവധി അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും അതുവഴി കോടതിയുടെ പദവി താഴ്‌ത്തുകയും ചെയ്തു’ എന്ന് അദ്ദേഹം പരാമർശിച്ചു. കോടതിയിലെ ജഡ്ജിമാരെ നേരിട്ട് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു, ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കുമെതിരെ നടത്തിയ കൊലപാതക ഭീഷണി ഗൗരവം അർഹിക്കുന്നു.
മേൽപ്പറഞ്ഞ കാരണങ്ങൾ കണക്കിലെടുത്ത് കോടതി വിധിയെ വിമർശിച്ച സംഘടനകൾ, വ്യക്തികൾ, പ്രത്യേകിച്ച് കോടതി വിധിയെ വിമർശിച്ച ഹരജിക്കാർ തുടങ്ങിയവർക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്ന് പരാതിക്കാരൻ കർണാടക ഹൈക്കോടതിയോട് അഭ്യർത്ഥിച്ചു. നിശ്ചിത യൂണിഫോമുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള എല്ലാ ഹർജികളും കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് മതമൗലികവാദികൾ ബന്ദിന് ആഹ്വാനം ചെയ്തത്.
















Comments