പനാജി: ഗോവയിൽ തുടർഭരണത്തിന് ചുക്കാൻ പിടിച്ച ഡോ.പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയായി തുടരും. പനാജിയിൽ നടന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ബിജെപി കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിംഗ് തോമർ, എൽ മുരുകൻ, നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ്, പാർട്ടി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷേത് തനവാഡെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വിശ്വജിത്ത് റാണെയാണ് മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിന്റെ പേര് മുന്നോട്ട് വെച്ചത്. ഈ തീരുമാനം യോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്ന് നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തേയ്‌ക്ക് ഗോവയെ പ്രമോദ് സാവന്ത് തന്നെ നയിക്കുമെന്നും തോമർ കൂട്ടിച്ചേർത്തു.
അടുത്ത 5 വർഷം ഗോവ മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും പ്രമോദ് സാവന്ത് നന്ദി അറിയിച്ചു. ഗോവയിലെ ജനങ്ങൾ തന്നെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. സാധ്യമായതെല്ലാം താൻ ജനങ്ങൾക്കായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേലിം നിയമസഭാ മണ്ഡലത്തിൽ നിന്ന് 600ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രമോദ് സാവന്ത് വിജയിച്ചത്.
Comments