പാലക്കാട് : മോയൻ എൽപി സ്‌കൂളിൽ നടന്ന മോഹിനിയാട്ടം പോലീസ് ഇടപെട്ട് നിർത്തിപ്പിച്ചുവെന്ന് നർത്തകി നീനാ പ്രസാദ്. സ്‌കൂളിന് തൊട്ടുപിന്നിൽ താമസിക്കുന്ന ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരമായിരുന്നു പോലീസിന്റെ നടപടിയെന്നും നീനാ പ്രസാദ് ആരോപിച്ചു. അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നർത്തകി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരിയെന്നനിലയിൽ എനിക്കുണ്ടായി എന്നാണ് നീനാ പ്രസാദ് പറഞ്ഞത്. സംസ്‌കാരിക പരിപാടിയുടെ ഭാഗമായി ശനിയാഴ്ച സന്ധ്യയ്‌ക്ക് നടന്നമോഹിനിയാട്ടത്തിനിടെയായിരുന്നു സംഭവം. പരിപാടി തുടങ്ങി അല്പ സമയമാവുമ്പോഴേക്കും പോലീസെത്തി പരിപാടി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അടുത്ത് വീട് ഉണ്ടായിരുന്ന ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടായതോടെയാണ് സംഘാടകരോട് പരിപാടി നിർത്താൻ പോലീസ് ആവശ്യപ്പെട്ടത്. പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാൽ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് പിന്നീട് നൃത്തം അവതരിപ്പിച്ചത്. വളരെയധികം അപമാനിക്കപ്പെട്ടതായി തോന്നി. ഒരു സ്ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും തന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമായി തോന്നിയെന്നും കലാകാരി പറഞ്ഞു.
















Comments