കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂമിൽ നടന്ന കൂട്ടക്കൊലപാതകത്തിൽ സ്വമേധയാ വിഷയം പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി. നിയമസഭയിൽ പോലും വിഷയത്തിൽ പ്രസ്താവന നടത്താൻ തുനിയാത്ത തൃണമൂൽ നേതൃത്വത്തിനുളള ശക്തമായ തിരിച്ചടിയായി കോടതി നടപടി. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് കോടതി വിഷയം പരിഗണിക്കും. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുക.
ബിർഭൂമിലെ രാംപൂർഹട്ടിലാണ് അക്രമം ഉണ്ടായത്. തൃണമൂൽ ഗുണ്ടകൾ തമ്മിലുളള പ്രശ്‌നമാണ് കൂട്ടനരഹത്യയിൽ കലാശിച്ചതെന്നാണ് വിവരം. സംഭവം രാഷ്‌ട്രീയ വൈരാഗ്യമല്ലെന്നും രണ്ട് ഗ്രൂപ്പുകൾ തമ്മിലുളള പകയാണെന്നുമാണ് ബംഗാൾ പോലീസിന്റെ ഭാഷ്യം. തിങ്കളാഴ്ച വൈകിട്ട് തൃണമൂൽ നേതാവും ഗ്രാമപഞ്ചായത്ത് ഉപമേധാവിയുമായ ബാദു ഷെയ്ഖിനെ 12 ഓളം വരുന്ന സംഘം ബൈക്കിലെത്തി ആക്രമിച്ചിരുന്നു. ഇയാൾക്ക് നേരെ ബോംബെറിഞ്ഞ സംഘം മരണം ഉറപ്പുവരുത്തി മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാത്രിയോടെ വീടുകൾ തീവെച്ചത്.
സ്്ത്രീകളും കുട്ടികളും അടക്കമുളളവരാണ് വെന്തു മരിച്ചത്. ഒരു വീട്ടിൽ നിന്ന് തന്നെ ഏഴ് മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരിച്ചവരിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളുമാണെന്നാണ് വിവരം.
പത്തോളം വീടുകൾ തീവെച്ച് നശിപ്പിച്ചതായി ഗ്രാമവാസികളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാർ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള ജോയിന്റ് സെക്രട്ടറി തല അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിൽ ബംഗാൾ ഗവർണറും റിപ്പോർട്ട് തേടിയിട്ടുണ്ട്.
Comments