തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ സ്ഥാനാർത്ഥികളുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. പണത്തിലും ഭൂസ്വത്തിലും കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറാണ് മുന്നിൽ. കേസിന്റെ കാര്യത്തിൽ സിപിഎം സ്ഥാനാർത്ഥി എഎ റഹീമും. 11.14 കോടിയുടെ സ്വത്താണ് മേത്തർക്കുള്ളത്. 37 കേസുകളാണ് റഹീമിന്റെ പേരിലുള്ളത്.
11.14 കോടിയുടെ കാർഷിക, കാർഷികേതര ഭൂസ്വത്തുക്കൾ ജെബി മേത്തർക്കുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇൻഷുറൻസ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബി മേത്തറുടെ പേരിലുണ്ട്. കൈവശമുള്ളത് 10,000 രൂപയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 46.16 ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ടെന്നും ജെബി സമർപ്പിച്ച രേഖകളിൽ സൂചിപ്പിക്കുന്നു.
ഭർത്താവിന്റെ പേരിൽ 41 ലക്ഷം വിലയുള്ള മെഴ്‌സിഡസ് ബെൻസ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കിൽ 23.56 ലക്ഷവും ബ്രോഡ്‌വേയിലെ ഫെഡറൽ ബാങ്കിൽ 12,570 രൂപയുമുണ്ട്. ഒരു കേസ് പോലും ജെബിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. മഹിള കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷയാണ് ജെബി മേത്തർ. 1980ന് ശേഷം ആദ്യമായാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.
സിപിഐഎം സ്ഥാനാർത്ഥി എഎ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്ഥിയാണുള്ളത്. ഭാര്യയുടെ പേരിൽ 4.5 ലക്ഷം വിലമതിയ്‌ക്കുന്ന കൃഷി ഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമുണ്ട്. 37 ക്രിമിനൽ കേസുകളും റഹീമിന്റെ പേരിൽ വിവിധ പോലീസ് സ്‌റ്റേഷനുകളിലായുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷനുമാണ് റഹീം.
സിപിഐ സ്ഥാനാർത്ഥി പി. സന്തോഷ് കുമാറിന്റെ കൈവശം 10,000 രൂപയും 10 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന കൃഷി ഭൂമിയും സ്വന്തം പേരിലുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും നാല് ലക്ഷത്തിന്റെ കൃഷി ഭൂമിയുമുണ്ടെന്ന് രേഖകളിൽ പറയുന്നു. കണ്ണൂർ കോർപ്പറേഷനിൽ ഭാര്യയുടെ പേരിൽ 8.5 സെന്റ് ഭൂമിയും വീടുമുണ്ട്. സന്തോഷിന് രണ്ട് ലക്ഷത്തിന്റേയും ഭാര്യയ്‌ക്ക് 19 ലക്ഷത്തിൻരേയും ബാദ്ധ്യതയുണ്ടെന്നും രേഖകളിൽ സൂചിപ്പിക്കുന്നു. നിലവിൽ സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായ സന്തോഷ് കുമാർ എഐവൈഎഫ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു.
Comments