ന്യൂഡൽഹി: രാജ്യത്ത് പലയിടങ്ങളിലും കൊറോണ ബാധിച്ചവർക്ക് ശരീരത്തിൽ ഒരേസമയം രണ്ട് വകഭേദങ്ങൾ. പോസിറ്റീവായ ചിലരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയത്. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് വിവരം.
സംഭവത്തിൽ ആശങ്കപ്പെടാനില്ലെങ്കിലും രാജ്യത്ത് ഇത്തരത്തിൽ 568 കൊറോണ കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. ലാബുകളുടെ ജീനോമിക്‌സ് കൺസോർഷ്യമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കൊറോണ വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങളുടെ സങ്കരരൂപം രോഗവ്യാപനം കൂടുതൽ തീവ്രമാക്കുമെന്ന് ആഗോളതലത്തിൽ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ-ഡെൽറ്റ വകഭേദങ്ങൾ ഒരു രോഗിയിൽ തന്നെ കണ്ടെത്തിയിരിക്കുന്നത്.
കടുത്ത പനി, ചുമ, രുചിയും മണവും നഷ്ടമാവുകയോ ഇവ തിരിച്ചറിയാൻ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യം തുടങ്ങിയവയാണ് ഇത്തരം രോഗികൾക്ക് പൊതുവായി കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ. കർണാടകയിൽ ഇത്തരത്തിൽ 221 കേസുകളും തമിഴ്‌നാട്ടിൽ 90 കേസുകളും മഹാരാഷ്‌ട്രയിൽ 66 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ 33, പശ്ചിമ ബംഗാളിൽ 32, തെലങ്കാനയിൽ 25, ഡൽഹിയിൽ 20 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
















Comments