തിരുവനന്തപുരം: രാജ്യത്ത് കൊറോണ പടർന്ന് പിടിച്ചതോടെ അവയെ പ്രതിരോധിക്കാനായി വലിയ തോതിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു കൊറോണ നിയന്ത്രണങ്ങൾ നടപ്പാക്കിയത്. മാസ്‌ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതുമെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ ഇപ്പോൾ കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. മാസ്‌ക് ധരിക്കുന്നതിന് ഇളവില്ലെങ്കിലും, മാസ്‌ക് ധരിക്കാത്തവർക്കെതിരെ കേസ് എടുക്കേണ്ടെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം പറഞ്ഞത്. കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.
മാസ്‌ക് ധരിച്ചില്ലെങ്കിൽ 500 മുതൽ 2000 രൂപ വരെയാണ് പിഴയായി ഈടാക്കിയിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 66 ലക്ഷത്തോളം പേർ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ നടപടി നേരിട്ടിട്ടുണ്ട്. മാസ്‌ക് ധരിക്കാതിരുന്ന 42,73,735 പേരിൽ നിന്നാണ് പിഴ ഈടാക്കിയിട്ടുള്ളത്. 213 കോടി 68 ലക്ഷം രൂപയാണ് ഈയിനത്തിൽ പിരിച്ചെടുത്തത്. പുതുക്കിയ നിയമപ്രകാരം ഇനി ആളുകൾക്കെതിരെ കേസ് എടുക്കാനോ പിഴ ഈടാക്കാനോ സാധിക്കില്ല.
















Comments