ന്യൂഡൽഹി : ഡൽഹി കലാപ കേസിൽ യുഎപിഎ ചുമത്തിയ മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. 2020 ൽ വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയത്. അഡീഷണൽ സെഷൻസ് ജഡ്ദി അമിതാഭ് റാവത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രോസിക്യൂഷന്റെ പക്കൽ തനിക്കെതിരെ തെളിവുകൾ ഒന്നും തന്നെയില്ലെന്നാണ് ഉമർ ഖാലിദിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത് വ്യാജ കേസാണെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലികൾ മതേതരമായിരുന്നെന്നും കോടതിയിൽ അഭിഭാഷകൻ വ്യക്തമാക്കി. ഡൽഹി പോലീസിന്റെ കുറ്റപത്രം വ്യാജമാണെന്നും ഉമറിന്റെ അഭിഭാഷകൻ ആരോപിച്ചു.
എന്നാൽ കലാപം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിച്ചത് എന്നും ഇതിനായി പെട്രോൾ ബോംബ്, ലാത്തികൾ, കല്ലുകൾ മുതലായവ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. പ്രതിഷേധം നടത്തിയത് 25 ഓളം മുസ്ലീം പള്ളികൾക്ക് സമീപത്ത് വെച്ചാണ്. എന്നാൽ പ്രതിഷേധങ്ങൾക്ക് മതേതരത്വത്തിന്റെ നിറം നൽകാനും ഇവർ മനപ്പൂർവ്വം ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു.
ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ കലാപം നടത്തിയത്. കലാപത്തിൽ 53പേർ കൊല്ലപ്പെടുകയും 200 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ സെപ്റ്റംബർ 14 നാണ് ഉമർ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഉമർ ഖാലിദ് തീഹാർ ജയിലിലാണ്.
















Comments