ലക്‌നൗ: യോഗി ആദിത്യനാഥിന്റെ രണ്ടാമൂഴത്തിന്റെ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷിയാവാൻ ഉത്തർപ്രദേശ് ഒരുങ്ങി. സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാനവട്ട ഒരുക്കങ്ങൾ ഭാരതീയ ജനതാപാർട്ടി ഉത്തർപ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിഗ് പരിശോധിച്ചു.
ക്രമീകരണങ്ങൾ പരിശോധിച്ച ശേഷം അദ്ദേഹം ബിജെപി പ്രവർത്തകരുമായും സംസ്ഥാന അധികാരികളുമായും സ്റ്റേഡിയത്തിൽ കൂടിക്കാഴ്ച നടത്തി. ജനറൽ സെക്രട്ടറിമാരായ ഗോവിന്ദ് നാരായൺ ശുക്ല, ജെപിഎസ് റാത്തോഡ്, സന്തോഷ് സിംഗ്, അമർപാൽ മൗര്യ, അശ്വിനി ത്യാഗി എന്നിവരും സ്വതന്ത്ര ദേവ് സിങ്ങിനൊപ്പം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
ലക്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഇന്റർനാഷ്ണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ന്യൂ യുപി ഓഫ് ന്യു ഇന്ത്യ എന്ന മുദ്രാവാക്യം പതിപ്പിച്ച വലിയ വേദിയാണ് ചടങ്ങിനായി തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ,മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.ചടങ്ങിൽ 45,000 ത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയാണ് യുപിയിൽ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തിയത്. 403 മണ്ഡലങ്ങളിൽ 255 എണ്ണത്തിൽ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികൾ പതിനെട്ട് സീറ്റും നേടി. സംസ്ഥാനത്ത് കഴിഞ്ഞ 37 വർഷത്തിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. സത്യപ്രതിജ്ഞാ ചടങ്ങിൽ 45,000 പേർക്ക് പങ്കെടുക്കാം. ഇതിനുപുറമെ, 200 വിവിഐപി അതിഥികളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
Comments