കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിലെ സെന്റ് ഓഫ് ആഘോഷത്തിനിടെ ഗ്രൗണ്ടിൽ വാഹനം ഓടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്. പ്ലസ്ടൂ വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടികളുടെ ഭാഗമായാണ് അഭ്യാസപ്രകടനങ്ങളും അരങ്ങേറിയത്. അപകടമാം വിധം വാഹനം ഓടിച്ചതിനാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. അമിത വേഗതയിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയായിരുന്നു.
കാറിടിച്ച് ബൈക്കിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾ നിലത്തേയ്ക്ക് വീണെങ്കിലും ഇവർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മാർച്ച് 22-ാം തീയതിയായിരുന്നു പ്ലസ്ടൂ വിദ്യാർത്ഥികളുടെ യാത്രയയപ്പ്. ഇതിനോട് അനുബന്ധിച്ചാണ് വിദ്യാർത്ഥികൾ കാറുകളിലും ബൈക്കുകളിലും എത്തിയത്. കാറിന്റെ ബോണറ്റിന് മുകളിലും ഡിക്കിയിലും ഇരുന്ന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ് നടക്കാവ് പോലീസിന്റെ പ്രതികരണം.
സെന്റ് ഓഫ് ആഘോഷം അതിരുവിടുന്നുവെന്ന ആരോപണം വ്യാപകമാകുന്നതിനിടെയിലാണ് കോളേജിൽ വാഹനാപകടം ഉണ്ടായത്. അതേസമയം രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ആർടിഒ അറിയിച്ചു. വാഹനത്തിന്റെ ലൈസൻസ് അടക്കം പരിശോധിച്ച് വരികയാണ്. ലൈസൻസ് ഉണ്ടെങ്കിൽ അത് റദ്ദാക്കുന്ന നടപടി സ്വീകരിക്കും. വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അടക്കം വിളിച്ചുവരുത്തിയാണ് അന്വേഷണം നടത്തുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
















Comments