ലക്‌നൗ: ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. പ്രൗഢഗംഭീരമായാണ് യോഗിയുടെ സത്യപ്രതിജ്ഞ ചടങ്ങെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പ്രമുഖ വ്യവസായികൾ, സന്യാസിമാർ, കശ്മീർ ഫയൽസിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും. ഇവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് റിപ്പോർട്ട്.
ലക്‌നൗവിലെ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ചടങ്ങിൽ പങ്കെടുക്കും. കശ്മീർ ഫയൽസിലെ അഭിനേതാക്കൾക്ക് പുറമെ അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ബോണി കപൂർ തുടങ്ങിയ താരങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അനൂപം ഖേറും വിവേക് അഗ്നിഹോത്രിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി ഭാരവാഹികളേയും പ്രവർത്തകരേയും ക്ഷണിച്ചിട്ടുണ്ട്. പ്രയാഗ്‌രാജിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കും. അഖില ഭാരതീയ അഖാര പരിഷത്ത് ജനറൽ സെക്രട്ടറി മഹന്ത് ഹരി ഗിരി മഹാരാജ്, മഹാനിർവാണി അഖാര മഹന്ത് ബൽവീർ ഗിരി ഉൾപ്പെടെ പ്രയാഗ്‌രാജിലെ സന്യാസിമാരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം 13 അഖാഡകളേയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്തെ പ്രമുഖ വ്യവസായികളായ എൻ ചന്ദ്രശേഖരൻ (ടാറ്റാ ഗ്രൂപ്പ്), മുകേഷ് അംബാനി (റിലയൻസ് ഗ്രൂപ്പ്), കുമാർ മംഗളം ബിർള (ആദിത്യ ബിർള ഗ്രൂപ്പ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), ആനന്ദ് മഹീന്ദ്ര (മഹീന്ദ്ര ഗ്രൂപ്പ്), ദർശൻ ഹിരാ നന്ദാനി (ഹിരാനന്ദാനി ഗ്രൂപ്പ്), യൂസഫ് അലി (ലുലു ഗ്രൂപ്പ്), സുധീർ മേത്ത (ടോറന്റ് ഗ്രൂപ്പ്), സവ്യവസായികളായ സഞ്ജീവ് ഗോയങ്ക (ഗോയങ്ക ഗ്രൂപ്പ്), അഭിനന്ദ് ലോധ (ലോധ ഗ്രൂപ്പ്) എന്നിവരേയും ക്ഷണിച്ചിട്ടുണ്ട്. പത്മശ്രീ ലഭിച്ച ശാസ്ത്രജ്ഞനായ ഡോക്ടർ അജയ് സോങ്കറിനേയും ക്ഷണിച്ചിട്ടുണ്ട്. പ്രയാഗ്രാജ് മുൻ ജസ്റ്റിസ്, മുതിർന്ന അഭിഭാഷകർ, മുതിർന്ന ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, വൻകിട വ്യവസായികൾ എന്നിവരെയും മുഖ്യമന്ത്രി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ 41.9 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് ശതമാനം അധികം വോട്ട് വിഹിതം വർധിപ്പിച്ചു. ബിജെപി ഒറ്റയ്‌ക്ക് 255 വോട്ടുകൾ നേടി. എസ്പി 123 സീറ്റുകൾ നേടി. കോൺഗ്രസ് 2 സീറ്റുകളായി ചുരുങ്ങി. മറുവശത്ത് ബിഎസ്പി ഒറ്റ സീറ്റിലേക്കും ചുരുങ്ങി. ഗുണ്ടകളെ ഒതുക്കി ക്രമസമാധാനം തിരികെ കൊണ്ടുവന്നതും സമാനതകളില്ലാത്ത വികസനവുമാണ് യോഗിയുടെ ഭരണത്തിൽ മികച്ച് നിൽക്കുന്നത്.
















Comments