പാലക്കാട് : പ്രശസ്ത നർത്തകി നീനാ പ്രസാദിന്റെ മോഹിനിയാട്ടം പോലീസിനെ ഉപയോഗിച്ച് തടഞ്ഞതിൽ പങ്കില്ലെന്ന് പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ. തന്റെ ജീവനക്കരാനാണ് ശബ്ദം കാരണം പരിപാടി നിർത്തിവെക്കാൻ പോലീസിനോട് പറഞ്ഞതെന്ന് കലാം പാഷ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്ന അഭിഭാഷകരെയും അദ്ദേഹം വിമർശിച്ചു.
ആറ് വർഷമായി താൻ കർണാടക സംഗീതം പഠിച്ചിട്ടുണ്ട്. ഭരതനാട്യത്തിൽ അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. അതുകൊണ്ട് മതപരമായ കാരണങ്ങളാൽ അല്ല പരിപാടി തടസ്സപ്പെടുത്തിയത്. ഇത്തരം പരാമർശങ്ങൾ വേദയുണ്ടാക്കുന്നു. അസഹനീയമായ ശബ്ദത്തെ തുടർന്ന് നിർത്താൻ ആവശ്യപ്പെട്ടത് താൻ അല്ല മറിച്ച് ജീവനക്കാരനാണ്. അദ്ദേഹമാണ് ഡിവൈഎസ്പിയോട് പരിപാടി നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടതെന്നും കലാംപാഷ വിശദമാക്കി.
തനിക്കെതിരായ അഭിഭാഷകരുടെ പ്രതിഷേധം നിയമവിരുദ്ധമാണ്. കോടതി വളപ്പിലെ പ്രതിഷേധം ശരിയായ നടപടിയല്ല. ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും ജീവനക്കാർക്ക് അലോസരമുണ്ടാക്കുന്നതും ഒഴിവാക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
നീനാ പ്രസാദിന്റെ മോഹിനിയാട്ടം നിർത്തിവെച്ച സംഭവത്തിൽ കലാംപാഷയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്ത് വന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിൽ യുവമോർച്ച ശക്തമായ പ്രതിഷേധം നടത്തുകയാണ്. ഇതിനിടെ ലോയേഴ്‌സ് അസോസിയേഷൻ കൂടി അതൃപ്തി പ്രകടമാക്കി രംഗത്ത് വന്നതോടെയാണ് കലാംപാഷയുടെ പ്രതികരണം.
















Comments