ന്യൂഡൽഹി: ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ തമ്മിലുള്ള സംഘർഷത്തിൽ എട്ടുപേർ കൊല്ലപ്പെട്ട സംഭവം രാജ്യസഭയിൽ ഉയർത്തി ബിജെപി എംപി രൂപ ഗാംഗുലി. നിരന്തരമായ അക്രമണങ്ങൾ കാരണം പശ്ചിമ ബംഗാളിലെ ക്രമസമാധാനം നഷ്ടപ്പെട്ടു. സംസ്ഥാനം ജീവിക്കാൻ കഴിയാത്ത ഇടമായി. ജനങ്ങളെ സുരക്ഷയെ കരുതി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അവർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. കൂട്ടക്കൊലകൾ കാരണം സാധാരണക്കാരായ ജനങ്ങളെ പലരേയും കൂട്ടപലായനത്തിന് നിർബന്ധിതരാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി രാംപൂർഹട്ടിലെ കൂട്ടക്കൊലയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇന്നലെ സംഭവസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി മമതാ ബാനർജി അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംഘർഷത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് രാംപൂരിൽ മമത നേരിട്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് ബീർഭും ജില്ലയിലെ രാംപൂർഹട്ടിൽ ആക്രമണം നടന്നത്. അക്രമികൾ അർദ്ധരാത്രി എത്തി പ്രദേശത്തെ 12 ഓളം വീടുകൾക്ക് തീവെയ്‌ക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ് വിലയിരുത്തൽ. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് തൃണമൂൽ ഗുണ്ടകളാണ് ആക്രമണം നടത്തിയത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. തൃണമൂൽ അക്രമികൾ ചേരി തിരിഞ്ഞ് ആക്രമിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
















Comments