മുംബൈ: വിവേക് അഗ്നിഹോത്രിയുടെ ‘ദ കശ്മീർ ഫയൽസ്’ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മാർച്ച് 11ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയാണ് പ്രദർശനം തുടരുന്നത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം തന്റെ ചിത്രമായ ബച്ചൻ പാണ്ഡയേയും തകർത്തുവെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. ചിത്രത്തെ പുകഴ്ത്തിക്കൊണ്ടായിരുന്നു അക്ഷയ് കുമാറിന്റെ പരാമർശം.
‘ വിവേക് അഗ്നിഹോത്രി കയ്പ്പേറിയ ഒരു സത്യം എന്റെ മുന്നിൽ കൊണ്ടുവച്ചു. ഒരു അനുഗ്രഹം പോലെയാണ് ഈ ചിത്രം പുറത്ത് വന്നത്. പക്ഷേ അത് എന്റെ ചിത്രമായ ബച്ച്പൻ പാണ്ഡെയെ തകർത്തിരിക്കുകയാണ്’ അക്ഷയ് പറഞ്ഞു. കശ്മീർ ഫയൽസ് ബോക്സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടി മുന്നേറുമ്പോൾ ബച്ച്പൻ പാണ്ഡേയ്ക്ക് വളരെ മോശം കളക്ഷനാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേഗ് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
Comments