പുട്ട് കുടുംബ ബന്ധം തകർക്കുന്ന ഭക്ഷണമാണെന്ന് പരീക്ഷയ്‌ക്ക് ഉത്തരമെഴുതി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ മൂന്നാം ക്ലാസുകാരനെ തേടി കേരളത്തിലെ പ്രമുഖ പുട്ടുപൊടി കമ്പനികൾ. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആറ് ബ്രാൻഡുകളാണ് മോഡലാകാൻ വേണ്ടി ബംഗളൂരു സ്വദേശിയായ ജയ്‌സ് ജോസഫിനെ സമീപിച്ചത്. എന്നാൽ പുട്ടിനെതിരായ നിലപാടിൽ ഉറച്ച് നിന്ന ജയ്‌സ് ഈ അവസരങ്ങളെല്ലാം നിഷേധിക്കുകയാണ്.
തങ്ങളുടേത് മൃദുവായ പുട്ടുപൊടിയാണെന്ന് പറഞ്ഞ് ജയ്‌സിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്‌കൂളിലെ പരീക്ഷയ്‌ക്കിടെ ഇഷ്ടമല്ലാത്ത ഭക്ഷണം എന്ന ചോദ്യത്തിന് ജയ്‌സ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ നിരവധി താരങ്ങളും ജെയ്‌സിന്റെ ഉത്തരപേപ്പർ പങ്കുവെച്ചിരുന്നു. ബംഗളൂരു എസ്.എഫ്.എസ് അക്കാദമി ഇലക്ട്രേണിക്സ് സിറ്റിയിലെ വിദ്യാർത്ഥിയാണ് ജയിസ് ജോസഫ്.
‘കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാമെന്നതിനാൽ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചുമിനിറ്റ് ആകുമ്പോഴേക്കും പുട്ട് പാറ പോലെ കട്ടിയാവും. പിന്നീട് എനിക്ക് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാൻ പറഞ്ഞാൽ അമ്മ ചെയ്യില്ല. അതോടെ ഞാൻ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോൾ എനിക്ക് കരച്ചിൽവരും’ എന്നാണ് ജയ്‌സ് കുറിച്ചത്.
പുട്ട് ബന്ധങ്ങളെ തകർക്കും എന്ന വരിയോടെ ജയിസിന്റെ കുറിപ്പ് അവസാനിക്കുന്നു. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെസിംസ് ജോസഫ് ദമ്പതികളുടെ മകനാണ് ജയിസ് ജോസഫ്.
Comments