മംഗളൂരു: ഉഡുപ്പിയിൽ എസ്ഡിപിഐ നേതാക്കളായ സഹോദരങ്ങളുടെ ഹോട്ടൽ കെട്ടിടം മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എസ്ഡിപിഐ ഉഡുപ്പി ജില്ലാ പ്രസിഡന്റ് നസീർ അഹമ്മദിന്റേയും സഹോദരൻ ബഷീർ അഹമ്മദിന്റേയും ഉടമസ്ഥതയിലുള്ള ഹോട്ടലാണ് പൊളിച്ചത്.
മസ്ജിദ് റോഡിലെ സാറാ ഫാമിലി റെസ്റ്റൊറെന്റാണ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ രാവിലെ പൊളിച്ചുമാറ്റിയത്. 2018ൽ അനധികൃത നിർമ്മാണം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ ഉത്തരവിട്ടിരുന്നു. തുടർന്ന് എസ്ഡിപിഐ നേതാക്കൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിക്കുകയായിരുന്നു. അടുത്തിടെ കോടതി സ്‌റ്റേ ചെയ്ത ഉത്തരവ് റദ്ദാക്കി. പിന്നാലെയാണ് കെട്ടിടം പൊളിച്ചു നീക്കിയത്.
2018ന് മുൻപ് പ്രദേശത്ത് 250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ആക്രിക്കടയാണ് ഉണ്ടായിരുന്നത്. ഇത് പൊളിച്ചു മാറ്റി 1800 ചതുരശ്ര അടിയിലുള്ള കെട്ടിടം ഉടമകൾ നിർമ്മിക്കുകയായിരുന്നു. പുതിയ കെട്ടിടം നിർമ്മിച്ചത് മുൻസിപ്പൽ കോർപ്പറേഷന്റെ അനുമതി ഇല്ലാതെ ആയിരുന്നുവെന്ന് മുൻസിപ്പൽ കമ്മീഷ്ണർ ഉദയ് ഷെട്ടി പറയുന്നു. കെട്ടിടത്തിന് ലൈസൻസോ ഹോട്ടൽ വ്യാപാരം നടത്താനുള്ള ട്രേഡ് ലൈസൻസോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദയ് ഷെട്ടി, ഉഡുപ്പി തഹസിൽദാർ, ടൗൺ പോലീസ് സ്‌റ്റേഷൻ എസ്‌ഐ പ്രമോദ് കുമാർ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു കെട്ടിടം പൊളിച്ചത്.
















Comments