ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി, ടൂർണമെന്റിന്റെ ടൈറ്റിൽ സ്‌പോൺസർ ആകാൻ കഴിഞ്ഞതിൽ ആഹ്ലാദം പങ്കിട്ട് ടാറ്റ ഗ്രൂപ്പ്. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ടാറ്റ ആഹ്ലാദം പ്രകടിപ്പിച്ചത്.
”ദേശത്തിന്റെ സ്പിരിറ്റ്. ദേശത്തിന്റെ ആവേശം. ദേശത്തിന്റെ പിച്ച്. വർഷങ്ങളായി, സ്‌പോർട്‌സിനോടുള്ള ഇന്ത്യയുടെ തീക്ഷ്ണത ഞങ്ങൾ വളർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു. ഇന്ന് രാജ്യത്തെ ഏറ്റവും ആവേശകരമായ ഗെയിമായ ടാറ്റ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർ ആകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,’ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് കമ്പനി എഴുതി.
കഴിഞ്ഞ വർഷം ചൈനീസ് ടെക് കമ്പനിയായ വിവോ ആയിരുന്നു ഐപിഎല്ലിന്റെ ടൈറ്റിൽ സ്‌പോൺസർ. ടാറ്റ ഗ്രൂപ്പ് ഈ വർഷം സ്‌പോൺസർഷിപ്പ് ഏറ്റെടുത്തു. ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ ടീമുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി. രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പർ കിംഗ്‌സ്), ഫാഫ് ഡു പ്ലെസിസ് (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ), മായങ്ക് അഗർവാൾ (പഞ്ചാബ് കിംഗ്സ്), ഹാർദിക് പാണ്ഡ്യ(ഗുജറാത്ത് ടൈറ്റൻസ്) എന്നിവരാണ് നായകന്മാർ. ലഖ്നൗ സൂപ്പർ ജയന്റ്സും ഗുജറാത്ത് ടൈറ്റൻസും ആണ് പുതിയ രണ്ട് ഫ്രാഞ്ചൈസികൾ.
കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഈ സീസണിലെ എല്ലാ മത്സരങ്ങളും പൂനെയിലും മുംബൈയിലും നടക്കും, കൂടാതെ സ്റ്റേഡിയങ്ങളിൽ പരിമിതമായ കാണികളെ മാത്രമേ അനുവദിക്കൂ. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ സിഎസ്‌കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതോടെയാണ് 2022 ലെ ആദ്യ ഐപിഎൽ മത്സരം ഇന്ന് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ 10 ടീമുകൾ മൊത്തം 70 ലീഗ് മത്സരങ്ങൾ കളിക്കും.
















Comments