കൊച്ചി: വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായിച്ചു കളയാൻ സഹായിച്ചുവെന്ന് ഐടി വിദഗ്ധനും ഹാക്കറുമായ സായ് ശങ്കർ. അഭിഭാഷകരുടെ നിർദ്ദേശം അനുസരിച്ച് ദിലീപിന്റെ ഫോണിൽ നിന്നും നിർണ്ണായക വിവരങ്ങൾ സായ് ശങ്കർ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇക്കാര്യം സായ് ശങ്കർ സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ദിലീപിന്റെ ഫോണിൽ നിന്നും സായ് ശങ്കറാണ് രേഖകളെല്ലാം മാറ്റിയത്. പകർപ്പെടുക്കാൻ അനുവാദമില്ലാത്ത രേഖകളും ഫോണിലുണ്ടായിരുന്നുവെന്നാണ് സൂചന. ഇവയെങ്ങനെ ദിലീപിന്റെ ഫോണിൽ വന്നു എന്നതിൽ അന്വേഷണം നടത്തും. വിചാരണ കോടതിയിലെ രേഖകളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ചില കോടതി രേഖകൾ സായ് ശങ്കറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ ചില വിവരങ്ങൾ സായ് ശങ്കർ സ്വന്തം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. സായിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫോണുകൾ, ഐപാഡ് എന്നിവ കസ്റ്റഡിയിലടുത്ത് പരിശോധനയ്‌ക്ക് നൽകിയിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറയുന്നു.
ദിലീപ് കോടതിയ്‌ക്ക് കൈമാറാത്ത വിവരങ്ങൾ സായ് ശങ്കറിന്റെ കൈവശമുണ്ടെന്നാണ് വിവരം. നടനറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഫോണിലെ പ്രധാനപ്പെട്ട വിവരങ്ങളൊക്കെ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചും ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും സായ്ശങ്കറിന്റെ സഹായത്തോടെ മായ്ച്ച് കളഞ്ഞു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
















Comments