1983 ലോകകപ്പിലെ സുപ്രധാന സംഭവങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ട് 5ജി ശൃംഖലയുടെ വൈദഗ്ധ്യം പ്രദർശിപ്പിച്ച് ഭാരതി എയർടെൽ. ലോകകപ്പ് ടൂർണമെന്റിൽ ചരിത്രം കുറിച്ചുകൊണ്ടാണ് സിംബാബ്‌വെയ്‌ക്കെതിരെ കപിൽ ദേവ് നേട്ടം കൈവരിച്ചത്. കപിൽ ദേവ് പുറത്താകാതെ നേടിയ 175 റൺസ് നിർണായകമായിരുന്നു. പക്ഷേ ഇത് ഒരിക്കൽ പോലും കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് സാധിച്ചില്ല. ടിവി സാങ്കേതിക വിദഗ്ധരുടെ പണിമുടക്ക് കാരണം അന്നത്തെ ഒരു ദൃശ്യം പോലും പകർത്തിയിട്ടില്ല. എന്നാൽ ഇനി ക്രിക്കറ്റ് ആരാധകർ അതോർത്ത് വിഷമിക്കേണ്ട ആവശ്യമില്ല. ആരാധകരുടെ ആവശ്യം മനസിലാക്കിക്കൊണ്ട് ടെലികോം കമ്പനി കപിൽ ദേവിന്റെ രംഗങ്ങൾ പുനഃസൃഷ്ടിച്ചിരിക്കുകയാണ്.
175 റീ പ്ലേയ്ഡ് എന്ന പേരിലാണ് ടെലികോം ഭീമൻ ഇത് പുറത്തിറക്കിയത്. കപിൽ ദേവിന്റെ ഹോളോഗ്രാം പ്രതിബിംബം 5 ജി വഴി നിർമ്മിക്കുകയും അത് ആരാധകരുമായി സംവദിക്കുകയും ചെയ്തത് ദൃശ്യാനുഭവം തന്നെയായിരുന്നു. 1983 ക്രിക്കറ്റിന്റെ ഇൻ സ്റ്റേഡിയം എക്‌സ്പീരിയൻസാണ് കാണികൾക്ക് അനുഭവപ്പെട്ടത്.
50 പേർക്ക് നൽകിയ 5ജി സ്മാർട്ട് ഫോണുകളിൽ 4 കെ എക്‌സ്പീരിയൻസാണ് കാണികൾക്കുണ്ടായത്. 5 ജി പരീക്ഷണ ശൃംഖലയുടെ ലൈവുമായി ബന്ധിപ്പിച്ചിരുന്നതിനാൽ 1 ജിബിപിഎസ് സ്പീഡിൽ കാണാൻ സാധിച്ചു. 20 മില്ലീസെക്കന്റിൽ താഴെയായിരുന്നു ലേറ്റൻസി. സ്റ്റേഡിയത്തിലെ 360 ഡിഗ്രിയിലുള്ള കാഴ്ചകൾ പ്രകടമായതിനൊപ്പം, കണക്കുകളും വിശകലനങ്ങളും ലഭിച്ചു.
സാങ്കേതിക വിദ്യ വഴി കപിൽദേവിന്റെ ഹോളോഗ്രാം പ്രതിബിംബം നിർമ്മിക്കുകയും അത് ആരാധകരുമായി സംദവിക്കുകയും ചെയ്തത് ഇതിനെ കൂടുതൽ സജീവമാക്കി. 5 ജിയുടെ ഈ സാങ്കേതിക വിദ്യ തികച്ചും തന്നെ അത്ഭുതപ്പെടുത്തി എന്നാണ് കപിൽദേവ് പറഞ്ഞത്. തന്റെ ഡിജിറ്റൽ അവതാർ സംവദിക്കുന്നത് കണ്ടപ്പോൾ ശരിക്കും ആരാധകരോട് സംസാരിക്കുന്നത് പോലെ തോന്നിപ്പോയി. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിംഗ്‌സിന് ജീവൻ നൽകിയ ഈ പരിശ്രമത്തിന് എയർടെല്ലിന് നന്ദി അറിയിക്കുന്നതായും കപിൽ ദേവ് വ്യക്തമാക്കി.
5ജി വിദ്യകൾ വിനോദപരിപാടികളെ നമ്മൾ സമീപിക്കുന്ന രീതിയെ പൂർണമായും മാറ്റി മറിയ്‌ക്കുമെന്ന് ഭാരതി എയർടെൽ സിടിഒ റൺദീപ് ഷെഖോൺ പറഞ്ഞു. 5 ജിയുടെ അനന്തസാദ്ധ്യതകളുടെയും വ്യക്തിപരമായ കാഴ്ചാനുഭൂതികളുടെയും വിശാലമായ ലോകത്ത് ചെറിയൊരു ഉപരിതല കാഴ്ച മാത്രമാണിത്. 5 ജി വഴി നിർമ്മിച്ചെടുക്കുന്ന അവതാറുകളെ ലോകത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോകാൻ നമുക്ക് സാധിക്കും.
തത്സമയ വാർത്തകളുടെ ഈ ലോകത്ത് ഇത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കും. ഡിജിറ്റൽ ലോകത്തെ സ്വീകരിക്കുന്നതിനൊപ്പം ഇന്ത്യയ്‌ക്ക് വേണ്ട നവീനവും സ്ഥായിയായതുമായ ആശയങ്ങൾ രൂപപ്പെടുത്താൻ എയർടെൽ സജീവമാണ്. ഈ സാങ്കേതിക വിദ്യയെ സാധൂകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമായി പരീക്ഷണ സ്പെക്ട്രം ഞങ്ങൾക്ക് അനുവദിച്ച ടെലികോം വകുപ്പിന് നന്ദി അറിയിക്കുന്നുവെന്നും റൺദീപ് ഷെഖോൺ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സർക്കാരിന്റെ ടെലികോം വകുപ്പ് അനുവദിച്ച് തന്ന 3500 മെഗാഹെർട്സിലാണ് എൻഎസ്എ മോഡിൽ 5 ജി എയർടെല്ലിന്റെ മനേസറിലെ കേന്ദ്രത്തിൽ പ്രദർശനം സംഘടിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയാൽ എയർടെൽ ഈ മേഖലയിൽ എത്രമാത്രം കരുത്തരാകുമെന്നത് വ്യക്തമാക്കുന്നത് കൂടിയായിരുന്നു പ്രദർശനം.
















Comments