ന്യൂഡൽഹി: രാജ്യത്ത് പുതിയ 21 സൈനിക സ്‌കൂളുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. എൻജിഒകൾ, സ്വകാര്യ സ്‌കൂളുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ സഹകരണത്തോടെ സ്‌കൂളുകൾ ആരംഭിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പങ്കാളിത്ത രീതിയിൽ രാജ്യത്തുടനീളം നൂറ് പുതിയ സൈനിക സ്‌കൂളുകൾ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.
നിലവിലുള്ള സൈനിക സ്‌കൂളുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇവ. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വിദ്യാർത്ഥികൾക്ക് ഗുണനിലവാര വിദ്യാഭ്യാസം നൽകുകയും അവർക്ക് സായുധ സേനയിൽ ചേരുന്നതുൾപ്പെടെയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പദ്ധതിയ്‌ക്ക് പിന്നിലെ ലക്ഷ്യം. കേരളത്തിൽ എറണാകുളം ജില്ലയിലെ ശാരദാ വിദ്യാലയമാണ് സൈനിക സ്‌കൂളാവുക.
അനുമതി നൽകിയ 21 സ്‌കൂളുകളിൽ മൂന്നെണ്ണം സർക്കാർ സ്‌കൂളുകളും ആറെണ്ണം സ്വകാര്യ സ്‌കൂളുകളും 12 എണ്ണം എൻജിയോകൾ, ട്രസ്റ്റുകൾ, സൊസ്സൈറ്റികൾ എന്നിവയ്‌ക്ക് കീഴിലുള്ളതുമാണ്. ആറാം ക്ലാസിലേക്ക് മാത്രമായിരിക്കും പ്രവേശനം. അഖിലേന്ത്യാ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ പാസായവർക്കായിരിക്കും 40 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം. ബാക്കി 60 ശതമാനം സീറ്റുകളിലേക്ക് അതത് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പരിഗണിക്കും.
















Comments