വാഷിംഗ്ടൺ: വിവിധ രുചികളിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.പുതുരുചിക്കായി നിരവധി പാചക പരീക്ഷണങ്ങൾ നടത്തുന്നവരും പതിനായിരങ്ങൾ ചിലവാക്കുന്നവരുമുണ്ട് നമുക്ക് ചുറ്റും. കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് ഒരു പ്രത്യേക ഫ്രഞ്ച് ഫ്രൈസ്, അൽപ്പം വിഐപിയായ ഇത് തേടിയെത്തുന്നതാകട്ടെ ലോകത്തിന്റെ പല കോണിലുമുള്ള ഭക്ഷണ പ്രിയരാണ്.
ന്യൂയോർക്കിലെ മാൻഹട്ടനിലെ റസ്‌റ്റോറിന്റെ ഫ്രഞ്ച് ഫൈസ്രാണ് ആ താരം.ഇത് ഒന്ന് രുചിച്ച് നോക്കണമെങ്കിൽ സാധാരണക്കാരുടെ കീശ കീറുമെന്ന് ഉറപ്പ്. കൈ പൊള്ളുന്ന വിലയാണ് ഇവിടുത്തെ വിഐപി ഫ്രഞ്ച് ഫ്രൈസിന്റെ വില. 15,250 രൂപ കൊടുത്താലേ ഫ്രഞ്ച് ഫ്രൈസ് ഒന്ന് രുചിക്കാൻ പറ്റൂ. ഇത്രയ്‌ക്ക് വിലയുണ്ടാകാൻ ഇതെന്താ സ്വർണത്തിൽ ഉണ്ടാക്കിയതാണോ എന്ന് ചോദിക്കാൻ വരട്ടെ,സ്വർണത്തിൽ ഉണ്ടാക്കിയതല്ലെങ്കിലും സ്വർണത്തിൽ പൂശിയതാണ് ഈ ഫ്രഞ്ച് ഫ്രൈസ്.
ക്രീം ഡെല ക്രീം പൊമെസ് ഫ്രിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ വിഭവത്തിൽ ഭകഷ്യയോഗ്യമായ സ്വർണ പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്. 200 ഡോളറിലേറെ വിലയുള്ളഇത് ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ് എന്ന പേരിൽ ഗിന്നസ് ബുക്കിലും ഇടം പിടിച്ചു. തീർന്നില്ല വിഐപി ഫ്രഞ്ച് ഫ്രൈസിന്റെ വിശേഷങ്ങൾ.
തീറ്റ മത്സരത്തിന് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയനായ കെവിൻ തോമസ് ഈ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന വീഡിയോ അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോഡ്‌സ് പങ്കുവെച്ചിരുന്നു. ഏറ്റവും വേഗത്തിൽ ഈ വിഭവം കഴിച്ചതിന്റെ ലോക റെക്കോർഡും കെവിൻ തോമസിന്റെ പേരിലാണ്.
ഇത്രയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വിലയേറിയ വിഭവം ഇതാണെന്ന് കരുതരുത് കേട്ടോ ഫ്രോസൻ ഹോട്ട് ചോക്കലേറ്റ് ഐസ്‌ക്രീം സൺഡേ എന്ന വിഭവമാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണം.25,000 ഡോളർ അതായത് 19 ലക്ഷം രൂപയാണ് ഈ വിഭവം രുചിച്ച് നോക്കാൻ ചെലവാക്കേണ്ടി വരിക.
Comments