തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കുറവ്. 4824 ജീവനക്കാരിൽ 176 പേർ മാത്രമെ സെക്രട്ടറിയേറ്റിൽ ഹാജരായിട്ടുള്ളൂ. ഡയസ്നോൺ വകവെയ്ക്കുന്നില്ലെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അശോക് കുമാർ പറഞ്ഞു.
പൊതുഭരണ വകുപ്പിൽ 156, ഫിനാൻസ് 19 നിയമവകുപ്പിൽ ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ ഹാജർ നില. പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ 32 പേരാണ് ജോലിയ്ക്കെത്തിയിരുന്നത്. സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചതുമാണ് ഇന്നലത്തെക്കാൾ ഹാജർ നില കൂടാനിടയായത്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മറ്റ് സർക്കാർ ഓഫീസുകളിലും ജീവനക്കാരുടെ ഹാജർ നില വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട് കളക്ട്രേറ്റിൽ 234 ജീവനക്കാരുള്ളിടത്ത് 12 പേർ മാത്രമാണ് ജോലിയ്ക്ക് ഹാജരായത്. വയനാട് കളക്ട്രേറ്റിൽ 20 പേരും എത്തി. 160 ജോലിക്കാരാണ് വയനാട് കളക്ട്രേറ്റിൽ ഉള്ളത്. സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.
















Comments