ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് സന്ദർശനം മാറ്റിവെച്ചതെന്ന് ഇന്ത്യയിലെ ഇസ്രായേൽ എംബസി വക്താവ് മുഹമ്മദ് ഹീബ് വ്യക്തമാക്കി. ഏപ്രിൽ മൂന്നിനാണ് അദ്ദേഹം ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലേക്ക് വരാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യ സന്ദർശനത്തിന് ഒരുങ്ങിയത്. ഇസ്രായേലും ഇന്ത്യയും തമ്മിൽ ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ബന്ധം വിപുലീകരിക്കുകയും ചെയ്യുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.
നവീകരണം, സമ്പദ് വ്യവസ്ഥ, ഗവേഷണം, വികസനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും കൂടിക്കാഴ്‌ച്ചയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഗ്ലാസ്ഗോയിൽ നടന്ന യുഎൻ കാലാവസ്ഥ വ്യതിയാന കോൺഫറൻസിന്റെ വേദിയിലാണ് ഇരു നേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. അവിടെ വെച്ചാണ് മോദി ബെന്നറ്റിനെ ഇന്ത്യയിലേയ്‌ക്ക് ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചത്.
















Comments