പാട്‌ന: കശ്മീര്‍ ഫയല്‍സ് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മൗലാനമാരും ഇസ്ലാമിക മതനേതാക്കളും. ഉത്തര്‍പ്രദേശില്‍ സഹരന്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൗലാനമാരാണ് ഈ ആവശ്യവുമായി പത്രസമ്മേളനം വിളിച്ചത്. കശ്മീര്‍ ഫയല്‍സ് ചിത്രം റിലീസ് ചെയ്തത് ഏറെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഇവര്‍ ആരോപിച്ചു. മുത്തഹിദ മജാലിസ്-ഇ-അമല്‍ എന്ന സംഘടനയിലെ ഇസ്ലാമിക പുരോഹിതരാണ് യോഗം വിളിച്ചത്.
കശ്മീര്‍ ഫയല്‍സ് സിനിമയിലൂടെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് നടന്നിരിക്കുന്നതെന്ന് സംഘടനാ വക്താവ് ഷേര്‍ഷാ അസം ആരോപിച്ചു. സിനിമ രാജ്യത്തിനകത്ത് വിദ്വേഷം സൃഷ്ടിച്ചിരിക്കുകയാണ്. സിനിമ എത്രയും വേഗം നിരോധിക്കണം. കെട്ടിച്ചമച്ച കഥകളാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുകൊണ്ട് എന്താണ് പ്രയോജനം? ആളുകള്‍ പരസ്പരം വെറുക്കുകയും വിദ്വേഷം ഉണ്ടാവുകയും ചെയ്യും. അങ്ങനെ വന്നാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെ സംഭവിക്കുമെന്നും ഷേര്‍ഷാ അസം പറഞ്ഞു.
ഒരു പ്രത്യേക ആശയം ആളുകളില്‍ അടിച്ചേല്‍പ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. ആളുകള്‍ പരസ്പരം വെറുക്കുകയല്ല വേണ്ടത്. അതിന് പകരം ആയിരക്കണക്കിന് വര്‍ഷം പരസ്പര സാഹോദര്യത്തിന്റെ പ്രതീകമായ തെഹ്‌സീബ് സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments