കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ആണ് ചോദ്യംചെയ്യൽ.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിനത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് പോലീസ് സംഘം നിർണായക നീക്കം നടത്തുന്നത്. ആലുവ പൊലീസ് ക്ലബിലാണ് ദിലീപിന്റെ ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകിയത് ഒരു വിഐപി ആയിരുന്നു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഈ വിഐപി ശരത് ആണ് എന്ന് പിന്നീട് ബാലചന്ദ്രകുമാറും തിരിച്ചറിഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
നിലവിൽ ശരത്ത് ഗൂഢാലോചന കേസിൽ പ്രതിയല്ല. ആറ് പ്രതികളുള്ള കേസിൽ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയിൽ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വിഐപിയെ പ്രതിചേർത്തത്. എന്നാൽ പിന്നീട് വിഐപി ശരത് ആണെന്ന് ബാലചന്ദ്രകുമാർ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാവുന്നത്.
















Comments