പത്തനംതിട്ട: പണിമുടക്കിന്റെ രണ്ടാം ദിനം സർക്കാർ നിർദ്ദേശം അനുസരിച്ച് തുറന്ന പെട്രോൾ പമ്പിന്റെ വഴിയടച്ച് തോരണവും കൊടിയും കെട്ടി സമരക്കാർ. പത്തനംതിട്ട ഇലന്തൂരിലെ മീനാക്ഷി ഫ്യുവൽസിന് മുൻപിലാണ് സംഭവം.
ആംബുലൻസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നതിനാൽ പമ്പുകൾ തുറക്കാതിരിക്കരുതെന്ന് ജില്ലാ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല ഗവർണർ പങ്കെടുക്കുന്ന പരിപാടി ജില്ലയിൽ ഉളളതിനാൽ ഗവർണർക്ക് ഒപ്പമുളള വാഹനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കാനും പമ്പുകൾ തുറന്നിടാൻ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. ഇതനുസരിച്ച് തുറന്ന പമ്പാണ് രാവിലെ 10.30 ഓടെ സമരക്കാർ എത്തി വഴിയടച്ച് തോരണം കെട്ടിയത്.
സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് സമരക്കാർ പമ്പിലെത്തിയത്. അടയ്‌ക്കണമെന്ന് പറഞ്ഞപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് തുറന്നതെന്ന് ഉടമയും ജീവനക്കാരും പറഞ്ഞു. തുടർന്നാണ് ഭീഷണിക്ക് ശേഷം പമ്പിലേക്ക് കയറുന്ന വഴിയിൽ കയറിൽ കോർത്ത് വാഹനങ്ങൾ കയറാത്ത രീതിയിൽ തോരണം വലിച്ചു കെട്ടിയത്.
കൊടിയും തോരണവും കെട്ടാൻ വന്നവരെല്ലാം രാവിലെ പമ്പിലെത്തി അവരുടെ വാഹനങ്ങളിൽ ഇന്ധനം നിറച്ചവരാണെന്നും ജീവനക്കാർ പറയുന്നു. പിന്നീടാണ്
ഇവർ ബാക്കിയുളള സ്ഥാപനങ്ങൾ അടപ്പിക്കാൻ ഇറങ്ങിയത്. പാർട്ടി ഗുണ്ടകളുടെ ഭീഷണി ഭയന്ന് ക്യാമറയ്‌ക്ക് മുൻപിൽ പരസ്യമായി പ്രതികരിക്കാൻ പോലും പമ്പുടമയും ജീവനക്കാരും തയ്യാറായില്ല.
കോഴഞ്ചേരിക്ക് ശേഷം പത്തനംതിട്ട ടൗണിൽ എത്തുന്നതിന് മുൻപുളള ഏക പെട്രോൾ പമ്പാണിത്.
















Comments