ദിസ്പൂർ: കാസിരംഗ ദേശീയോദ്യാനത്തിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ വർദ്ധന. മാർച്ച് 26 മുതൽ നടത്തിയ കണക്കെടുപ്പിൽ ഇവയുടെ എണ്ണം 200 ലധികമായി വർദ്ധിച്ചതായി അധികൃതർ വ്യക്തമാക്കി. കാസിരംഗ ദേശീയോദ്യാനത്തെ 84 കമ്പാർട്ട്‌മെന്റുകളായി തിരിച്ചായിരുന്നു കണക്കെടുപ്പ്.
ഇതിന് മുൻപ് 2018ലായിരുന്നു കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. അന്ന്, 2413 എണ്ണമായിരുന്നു ഉദ്യാനത്തിലുണ്ടായിരുന്നത്. ഇന്ന് കാസിരംഗ നാഷണൽ പാർക്കിലെയും ടൈഗർ റിസർവിലെയും ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം 2,613 ആണ്. ഇതിൽ 866 ആൺ കാണ്ടാമൃഗങ്ങളും, 1049 പെൺ കാണ്ടാമൃഗങ്ങളും, 279 കുട്ടി കാണ്ടാമൃഗങ്ങളും ഉൾപ്പെടും. ആൺ, പെൺ വിഭാഗത്തിൽ പെടാത്ത 273 മൃഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. 146 എണ്ണം ഇപ്പോൾ ജനിച്ചവയാണെന്നും അധികൃതർ വ്യക്തമാക്കി.
ഡ്രോൺ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കണക്കെടുപ്പ് നടത്തിയത്. കണക്കെടുപ്പിന്റെ ഭാഗമായി കാസിരംഗ ദേശീയ ഉദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു.
വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ വാസസ്ഥലം എന്ന നിലയിൽ പ്രസിദ്ധമാണ് കാസിരംഗ ദേശീയോദ്യാനം. ഇവയെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താൽപര്യപ്രകാരം കേന്ദ്രസർക്കാർ നിരവധി ചുവടുവെയ്പുകൾ നടത്തിയിരുന്നു.
ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ഇന്ത്യയുടെ അഭിമാനമാണെന്നും അവയെ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സംഘം നേരിട്ടെത്തി വിലയിരുത്തിയാണ് ഉദ്യാനത്തിനായി പദ്ധതികൾ ആവഷ്‌കരിച്ചത്. അതിൽ ഏറെ പ്രധാന്യം നിറഞ്ഞ ഒന്നാണ് കാസിരംഗ ദേശീയ ഉദ്യാനത്തിന് കുറുകെ നിർമ്മിച്ച ഫ്‌ളൈ ഓവർ. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെ ദേശീയ ഉദ്യാനം സന്ദർശിച്ചിരുന്നു.
















Comments