വയനാട്: ദേശീയ പണിമുടക്ക് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയില്ലാതെ മുങ്ങിയ സമരാനുകൂലി വിശദീകരണവുമായി രംഗത്ത്. കൽപറ്റ സ്വദേശിയായ പ്രജീഷാണ് വിശദീകരണകുറിപ്പുമായി എത്തിയത്. എന്തിനാണ് പണിമുടക്ക് എന്ന് ഒരു വഴിയാത്രക്കാരൻ ചോദിക്കുമ്പോൾ, ഉത്തരമില്ലാതെ തടിതപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഗതി നാണക്കേടായതോടെയാണ് പാർട്ടി ഇടപെട്ട് വിശദീകരണ കുറിപ്പ് ഇറക്കിയിരിക്കുന്നത്.
വയനാട്ടിലെ ഒരു തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്നുള്ള തൊഴിലാളിയാണ് താനെന്നും തന്റെ പേരിലുളള ഒരു വീഡിയോ പ്രചരിപ്പിക്കുന്നത് നാട്ടിലെ അരാഷ്‌ട്രീയ വാദികളും തൊഴിലാളി വിരുദ്ധരുമാണെന്നും പ്രജീഷ് വിശദീകരണത്തിൽ പറയുന്നു. അരാഷ്‌ട്രീയ വാദികളും, തൊഴിലാളി വിരുദ്ധരും, ചില തൽപ്പര കക്ഷികളും ചേർന്ന് ഈ വീഡിയോ തൊഴിലാളികൾക്കെതിരെയും ദേശീയ പണിമുടക്കിനെതിരേയുമുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു വിശദീകരണ കുറിപ്പ് എഴുതേണ്ടി വരുന്നതെന്ന് യുവാവ് പറയുന്നു.
വാഹനങ്ങൾക്ക് കൈ കാണിച്ചു നിർത്തി, പണിമുടക്കിനോട് 5 മിനിറ്റ് സഹകരിച്ച് ഈ പണിമുടക്കിന്റെ മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുകയും സഹകരിക്കാൻ അഭ്യർത്ഥിക്കുകയുമാണ് ഞാനടക്കമുള്ളവർ ചെയ്തിരുന്നത്. അസാധാരണമായ വിധം പണിമുടക്ക് ദിനം ആഘോഷിക്കാൻ ചുരം കയറിവരുന്ന ടൂറിസ്റ്റുകളുടെ പ്രവാഹമായിരുന്നു ഇന്നലെയെന്നും പ്രജീഷ് പറയുന്നു.
ബൈക്കിൽ വന്ന യാത്രക്കാരോടു സമരത്തെക്കുറിച്ചു വിശദീകരിക്കാൻ തുടങ്ങുന്ന സമയത്താണ് തൊട്ടപ്പുറത്ത് പോലീസ് വാഹനം വരികയും ഹോണടിച്ച് എന്നെ വിളിക്കുകയും ചെയ്യുന്നത്. എന്നെയാണോ എന്നുറപ്പിക്കാൻ ഞാൻ തിരിഞ്ഞു നോക്കുന്നത് ആ വീഡിയോയിൽ കാണാം. എന്നെ തന്നെ ആണെന്ന് മനസ്സിലാക്കിയപ്പോൾ ചുണ്ടേൽ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ എനിക്ക് ആ സംഭാഷണം പൂർത്തിയാക്കാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അങ്ങോട്ട് പോകേണ്ടി വന്നു. ആ കാണുന്നതാണ് മറ്റൊരു രീതിയിൽ ഇന്ന്, ഇങ്ങനെയൊരു വീഡിയോ ആയി വളരെ ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്നതെന്ന് പ്രജീഷ് വിശദീകരിക്കുന്നു.
സത്യത്തിനു മുന്നേ നുണകൾ പറക്കുന്ന സത്യാനന്തര കാലത്ത്, ഇത്രയും പ്രധാനപ്പെട്ട ഒരു സമരത്തെ ഇകഴ്‌ത്തി കാണിക്കാൻ ബോധപൂർവകമായ ശ്രമത്തിന്റെ ഭാഗമായാണ് വളരെ ഏകപക്ഷീയമായ ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നതെന്ന് പ്രജീഷ് പറയുന്നു. സമരത്തിൽ ഒപ്പം പങ്കെടുത്ത കോൺഗ്രസുകാരുടെ അനുഭാവികളുടെ അടുത്ത് നിന്ന് പോലും ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്ന കാണുമ്പോൾ സഹതാപമാണെന്നും പ്രജീഷ് പറയുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ഇതിനോടകം ആയിരങ്ങളാണ് വീഡിയോ കണ്ടത്.
















Comments