ഇസ്ലാമാബാദ്:പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പുതിയ അടവുമായി എത്തിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി.
അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം പാർലമെന്റിൽ ഹാജരാകരുതെന്ന് ഇമ്രാൻ ഖാൻ തന്റെ പാർട്ടിയായ പാകിസ്താൻ തെഹരീക് ഇ ഇൻസാഫ് അംഗങ്ങൾക്ക് നിർദ്ദേശം നൽകി. നേരത്തെ പാർട്ടിയിലെ 24 ഓളം എംപിമാർ ഇമ്രാനുള്ള പിന്തുണ പിൻവലിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിൽ ഇമ്രാൻ ഖാനെതിരെ വോട്ട് ചെയ്യുമെന്നും ഇവർ പരസ്യമായി അറിയിച്ചിരുന്നു.
ഇമ്രാൻ അഗങ്ങൾക്കായി നൽകിയ വിപ്പിൽ പാർട്ടിയിലെ ഒരു അംഗങ്ങളും അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യുന്ന സമയത്ത് അസംബ്ലിയിൽ എത്തരുതെന്നും വോട്ട് ചെയ്യരുതെന്നും നിർദ്ദേശിക്കുന്നു.
സർക്കാരിന്റെ സഖ്യകക്ഷികളായ മൂന്ന് പ്രധാന പാർട്ടികൾ പ്രതിപക്ഷ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതും ഇമ്രാന് കനത്ത തിരിച്ചടിയായിട്ടുണ്ട്. മുത്തഹിദ ഖ്വാമി മൂവ്മെന്റ് പാകിസ്താൻ, പാകിസ്താൻ മുസ്ലീം ലീഗ് ഖ്വായ്ദ്, ബലൂചിസ്താൻ അവാമി പാർട്ടി എന്നിവരാണ് പ്രതിപക്ഷത്തിനൊപ്പം ചേരുന്നത്.
ഘകടകക്ഷികൾ തന്നെ കൈവിട്ടാൽ ഇമ്രാൻ ഖാന് അവിശ്വാസ പ്രമേയം മറികടക്കാനാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിപക്ഷ കക്ഷികളായ പിഎംഎൽ നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറിലധികം എംപിമാരാണ് പ്രമേയത്തെ പിന്തുണയ്‌ക്കുന്നത്.
342 അംഗ ദേശീയ അസംബ്ലിയിൽ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ 2018ൽ അധികാരത്തിലേറുന്നത്. കൊറോണയ്‌ക്ക് ശേഷം പാകിസ്താനിൽ ജനങ്ങൾ ഇമ്രാനെതിരെ തിരിഞ്ഞതായാണ് വിവരം. സാമ്പത്തിക പ്രതിസന്ധി നല്ല രീതിയിൽ ജനങ്ങളെ ബാധിച്ചതായും ഇത് ഇമ്രാനെതിരെയായതായും വിവരമുണ്ട്.
















Comments