ലോസാഞ്ചലസ്: ഓസ്‌കർ വിതരണ ചടങ്ങിനിടെ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി വിൽ സ്മിത്തിന്റെ ഭാര്യയും നടിയുമായ ജാദ പിക്കറ്റ്. ഇത് ശാന്തിയുടെ സമയമാണെന്നും അതിനാണ് താൻ ഇവിടെയുള്ളതെന്നും ജാദ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ജാദയുടെ മുടി മൊട്ടയടിച്ചതിനെ കുറിച്ചുള്ള തമാശയുടെ പേരിലാണ് അവതാരകൻ ക്രിസിന് അടിയേൽക്കേണ്ടി വന്നത്.
ജാദയ്‌ക്ക് അലോപേഷ്യ എന്ന രോഗമാണ്. തലമുടി മുഴുവനും കൊഴിഞ്ഞു പോകുന്ന ഒരു അവസ്ഥയാണിത്. ഈ അവസ്ഥയെയാണ് അവതാരകൻ ക്രിസ് റോക്ക് കളിയാക്കിയത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്താരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലേക്ക് എത്തിയത്. ഇതിനിടെയാണ് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്റെ രൂപമാണ് ജാദയ്‌ക്കെന്നായിരുന്നു പരിഹാസം.
ക്രിസിന്റെ പരിഹാസം കേട്ട് മുഖം ചുളിക്കുന്ന ജാദയുടെ വീഡിയോയും പുറത്തുവന്നിരുന്നു. പരിഹാസം ജാദയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയ വിൽ സ്മിത്ത് വേദിയിലേക്ക് എത്തി ക്രിസ്സിന്റെ മുഖത്തടിയ്‌ക്കുകയായിരുന്നു. വേദിയിലുണ്ടായ അപ്രതീക്ഷിത സംഭവത്തിൽ വിൽ സ്മിത്ത് പരസ്യമായി മാപ്പ് പറഞ്ഞും എത്തിയിരുന്നു. ഭാര്യയുടെ രോഗത്തെ കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് വിൽ സ്മിത്ത് പറഞ്ഞത്.
















Comments