തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർദ്ധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ആറ് രൂപയാക്കണമെന്നാണ് ബസുടമകൾ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ ഇക്കാര്യം പരിഗണിച്ചില്ലെന്നാണ് ബസുടമകൾ ആരോപിക്കുന്നത്. തുടർനിലപാട് ഉടൻ യോഗം ചേർന്ന ശേഷം സ്വീകരിക്കുമെന്നും ബസുടമകൾ വ്യക്തമാക്കി.
മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ വർഷങ്ങൾക്ക് മുൻപ് നൽകിയതാണെന്നും അതിന് ശേഷം പലകുറി ഇന്ധന വില കൂട്ടിയെന്നും ബസുടമകൾ പറഞ്ഞു. നിരക്ക് വർദ്ധനവ് എന്ന് മുതൽ, എത്ര രൂപ കൂടും എന്നിവയിൽ കൃത്യമായ ഉറപ്പില്ലാതെയാണ് സമരം പിൻവലിച്ചത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച വർദ്ധനവിൽ തൃപ്തിയില്ലെന്നും ബസുടമകൾ പറഞ്ഞു.
കമ്മീഷനെ നിയോഗിച്ച് വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർദ്ധിപ്പിക്കുന്നതിൽ പരിശോധന നടത്തിയ ശേഷം മാത്രമേ കൺസെഷൻ വർദ്ധനയിൽ തീരുമാനമുണ്ടാകൂവെന്ന് ആന്റണി രാജു അറിയിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായിരുന്നു. ഓട്ടോയ്‌ക്ക് മിനിമം ചാർജ് 30 രൂപയാക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
















Comments