പ്രമോദ് എ.കെ
കൃത്യം ഇരുപത്തിയാറ് വർഷം മുൻപത്തെ ഒരു വെള്ളിയാഴ്ച ദിവസം, ഏതാണ്ട് ഇതേ സമയത്താണ് ആ ഇടഞ്ഞ കൊമ്പൻ ഓട്ടം തുടങ്ങിയത്. അവൻ മദം പൊട്ടി ഓടിയതല്ല. അവന്റെ സ്രഷ്ടാക്കൾ ആ ആണൊരുത്തനെ ചങ്ങനാശ്ശേരി ചന്തയിലെ തിരക്കിലേയ്‌ക്ക് അഴിച്ചുവിടുകയായിരുന്നു. ചങ്ങനാശ്ശേരിയും പത്തനംതിട്ടയും കോട്ടയവും കടന്ന് അവൻ കേരളക്കര മൊത്തമായി കീഴടക്കിയിട്ട് ഇന്നേയ്‌ക്ക് ഇരുപത്തിയാറ് വർഷം തികഞ്ഞിരിയ്‌ക്കുന്നു.
ആ അനശ്വരസൃഷ്ടിയുടെ സ്രഷ്ടാക്കളായ ഭദ്രനെയും രാജേന്ദ്രബാബുവിനെയും മറികടന്ന ചിത്രമാണ് സ്ഫടികം. അതിനേക്കാളുയരത്തിൽ മലയാളിയുടെ മനസ്സിൽ പ്രതിഷ്ഠി്ക്കപ്പെട്ട ആ കഥാപാത്രമാണ് ആടുതോമ. ആ കഥാപാത്രത്തിൽ ആർക്കാണ് കൂടുതൽ ആധിപത്യം എന്ന് ഒരുപാടുതവണ ഞാൻ ചിന്തിച്ചിട്ടുണ്ട്. അക്കാലത്ത് ദൃശ്യമാധ്യമങ്ങളെക്കാൾ കൂടുതൽ പരിചയവും അടുപ്പവും എനിയ്‌ക്ക് ആകാശവാണിയിലെയും ടേപ്പ് റെക്കോർഡറിലെ ഓഡിയോകാസറ്റ് ശബ്ദരേഖകളുമായിട്ടായിരുന്നു.
അതുകൊണ്ടുതന്നെ, കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഭദ്രനെ മറികടന്നുകൊണ്ട് സംഭാഷണം എഴുതിയ രാജേന്ദ്രബാബുവിനെ പലപ്പോഴും ഞാൻ ഒരു പടി മേലെ പ്രതിഷ്ഠിക്കാറുണ്ട്. വരാൻ പോകുന്ന ഉത്സവത്തിന്റെ വരവറിയിക്കുന്ന രീതിയിൽ ഒരു കരിങ്കൽ ക്വാറിയും കഴുകനും ചോരയൊലി്ക്കുന്ന മുഖവുമായി ആടുതോമയുമാണ് തുടക്കത്തിൽ സ്‌ക്രീനിൽ വരുന്നത്. പിന്നെ ‘ബാറ്റൺ’ രാജേന്ദ്രബാബു ഏറ്റെടുക്കുകയാണ് .
അഭിനയിച്ച ഓരോരുത്തർക്കും അളന്നുതൂക്കി സംഭാഷണങ്ങൾ വീതിച്ചു നൽകി അയാൾ വെള്ളിത്തിരയിലെ ദൃശ്യങ്ങളോട് മൽസരിച്ചു. ‘തോമാച്ചായാ…ഒരു ബന്ധവുമില്ലാത്ത എനിയ്‌ക്ക് തോമാച്ചായന്റെ ജീവൻ വെച്ച് വെല പറഞ്ഞു ‘ ബഷീർ മാഷ് പറയുന്നു
‘ഈ പൂട്ടിനു മുകളിൽ നീ നിന്റെ പൂട്ടിട്ട് പൂട്ടിയാൽ നിന്നെ ഞാൻ പൂട്ടും…ഒടുക്കത്തെ പൂട്ട് .’
തോമാച്ചൻ പൂക്കോയിയോട് പറയുന്നു. ‘ചാക്കോ മാഷ് പഠിപ്പിച്ചാൽ കഴുതയും കണക്ക് പഠിപ്പിയ്‌ക്കും . ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ് .’ ചാക്കോ മാഷ്. ‘അങ്ങാടിയിൽ ഗുണ്ടായിസം കാണിയ്‌ക്കുന്ന തെണ്ടിയ്‌ക്ക് തന്തയുണ്ടെന്ന് മനസ്സിലായി . അമ്മേം പെങ്ങളും ഉണ്ടോ എന്നറിയണമായിരുന്നു’ സിഐ കുറ്റിക്കാടൻ, ചാക്കോ മാഷോട് പറയുന്നു .
‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്സ്.. ഇതിൽ തൊട്ടാൽ നിന്റെ കാല് ഞാൻ വെട്ടും…’
ആടുതോമ കുറ്റിക്കാടനോട്. ‘എന്നാ തോമ മുടി നീട്ടി വളർത്തും…. എസ് ഐ സോമൻപുള്ളയ്‌ക്ക് ചെരയ്‌ക്കാൻ..’ ആടുതോമ , എസ് ഐ സോമശേഖരനോട്.
‘ഉപ്പുകല്ലിൽ നിന്ന് കരഞ്ഞ കൂട്ടുകാരന് കുടിയ്‌ക്കാൻ വെള്ളം കൊടുത്ത ‘ പഴങ്കഥ പറഞ്ഞ തുളസിയോട് ‘നീ വരരുതായിരുന്നു ‘ എന്നാണ് ആടുതോമ പറയുന്നത് .
‘എന്റെ സ്വകാര്യസുഖങ്ങളിൽ ചൊറിയാൻ വരരുത് എന്ന് മകളോട് പറഞ്ഞേ്ക്കണം.. അച്ഛനും…’ ആടുതോമ. ‘ഈ വരുന്ന 14 ന്… തിങ്കളാഴ്ച പാറേപ്പള്ളിയിൽ വെച്ച് എന്റെ മകൾ ജാൻസിയുടെ വിവാഹം. കെട്ട് കഴിഞ്ഞ് എന്റെ വീട്ടിൽ ഊണ്. സമയവും സൗകര്യവും ഉണ്ടെങ്കിൽ സംബന്ധി്ക്കാം .’ ചാക്കോ മാഷ് മകനായ തോമയോട്.
‘ചാക്കോമാഷിന്റെ 51 പവന്റെ കൂട്ടത്തിൽ വല്യേട്ടന്റെ ഈ വെള്ള നെക്ലേസ് മുക്കിക്കളയല്ലേ എന്ന് പറയാൻ പറഞ്ഞു. ‘ തുളസി ജാൻസിയോട്. ‘നിന്റെ വല്യേട്ടന്റെ ചോക്ലേറ്റിന് അപ്പച്ചന്റെ ജീവനേക്കാൾ മധുരമുണ്ടായിരുന്നു അല്ലേ?’ മകളോട് ചാക്കോ മാഷ്.
‘പൊന്നമ്മേ..വിവാഹവീടാണ് . അകം വേവുന്നത് പുറം അറിയണ്ട .’ ചാക്കോമാഷ്.
‘തോമയ്‌ക്ക് മനസ്സിൽ ഒരു വിഷമമേയുള്ളൂ.. ആ പാവം ബാലുവിന്റെ കൈവെള്ളയിൽ കൊടുക്കാൻ തോമ ഒരു മുത്തം സൂക്ഷിച്ചിരുന്നു. അതവന് കൊടുക്കാൻ കഴിഞ്ഞില്ല…’ ആടുതോമ.
‘വെടി വെച്ചാലും പൊട്ടാത്ത കരിമ്പാറയെ നീ ഒന്ന് കുലുക്കി . ഈ ഓട്ടക്കാലണയ്‌ക്ക് വിലയുണ്ടെന്ന് നീ കാണിച്ചുകൊടുത്തു. പറ…പകരം നിനക്കെന്തു വേണം ?’
തുളസിയോട് ആടുതോമ. ‘കുട്ടപ്പാ… ഞാൻ ചത്താ എന്റെ ശവം നിന്റെ തട്ടുമ്പൊറത്തു വെച്ചാ മതി…’ ആടുതോമ. ‘ഇടിമണലിൽ നിന്ന് ഇടിമണലിലേയ്‌ക്ക് താഴ്ന്നു കൊണ്ടിരിയ്‌ക്കുന്ന ഒരുവനാണ് ഞാൻ . എന്റെ ചുമലിൽ നീ കൂടി വേണ്ട കുട്ടീ…’
തുളസിയോട് ആടുതോമ. ‘പാറേപ്പള്ളിയിലെ തെമ്മാടിക്കുഴിയിലേക്ക് എന്റെ ശവം കൊണ്ടുപോകുമ്പോൾ കാണാൻ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു…’ ആടുതോമ.
ഇങ്ങനെയൊക്കെ എഴുതിക്കൂട്ടിയ… ഇത്തരം സംഭാഷണങ്ങളിലൂടെ പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടിയ രാജേന്ദ്രബാബുവിനോട്, ഭദ്രൻ ജീവനുള്ള ദൃശ്യങ്ങളുമായി മത്സരിക്കുകയായിരുന്നു.
സിഐ കുറ്റിക്കാടനായ… ഈ ചിത്രത്തോടെ സ്ഫടികം ജോർജ്ജ് ആയി മാറിയ വെറും ജോർജ്ജിനോട്, ശബ്ദത്തിലൂടെ ഷമ്മി തിലകൻ മത്സരിക്കുകയായിരുന്നു.
തോമയ്‌ക്ക് വസ്ത്രാലങ്കാരം നിർവ്വഹിച്ച ഇന്ദ്രൻസ് മത്സരിക്കുകയായിരുന്നു.
ആടുതോമയായ മോഹൻലാലിനോട് തിലകന്റെ ചാക്കോ മാഷ് മത്സരി്ക്കുകയായിരുന്നു.
കെപിഎസി ലളിത, എൻഎഫ് വർഗ്ഗീസ്, രാജൻ പി ദേവ്, നെടുമുടി വേണു, കരമന, ശ്രീരാമൻ, ഊർവ്വശി, സിൽക്ക് സ്മിത, ഭീമൻ രഘു, ജോണി, ബഹദൂർ, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, ചിപ്പി അങ്ങനെ വലിയൊരു താരനിര ഈ ചിത്രത്തിലുണ്ടായിരുന്നു.
അഭിനയം കൊണ്ട് വിസ്മയിപ്പിച്ചില്ലെങ്കിലും, പത്മരാജന്റെ ഒന്നിലേറെ സൃഷ്ടികൾക്ക് ജീവൻ പകർന്ന്… മണ്ണാറത്തൊടിയിലെ ജയകൃഷ്ണന്റെ സുഹൃത്തായും തിരയിൽ മുങ്ങി മരിച്ച പാച്ചുവിന്റെ തോഴനായും അസൂയ തോന്നിപ്പിച്ച അശോകൻ തോമാച്ചന്റെ അളിയനായി ഇവിടെയും എന്റെ അസൂയയ്‌ക്ക് പാത്രമായി.
ഷോഗൺ ഫിലിംസിന്റെ ബാനറിൽ ഞ മോഹൻ നിർമ്മിച്ച സ്ഫടികത്തിന് ‘ക്വിൻറൽ’ തൂക്കമുള്ള സംഘട്ടനം നിർവ്വഹിച്ചത് ത്യാഗരാജനായിരുന്നു. ആടുതോമ ചെകുത്താന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറവും കുതിച്ചുപായുകയാണ്…
ഓരോ ശരാശരി മലയാളിസിനിമാപ്രേമിയുടെയും ചങ്കിലൂടെ…നെഞ്ചിലൂടെ…!
















Comments