കൊച്ചി: കേസിന്റെ പേരിൽ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പോലീസ് കയറി ഇറങ്ങിയെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിന്റെ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പോലീസ് തന്റെ വീട്ടിൽ നിരന്തരം പരിശോധന നടത്തുകയാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.
തനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യ ഉത്തരവിൽ കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ പേരിൽ നടക്കുന്നത് പോലീസ് പീഡനമാണ്. പോലീസ് തന്നെയും കുടുംബത്തേയും കൂട്ടത്തോടെ പ്രതിയാക്കിയിരിക്കുകയാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. അതേസമയം വധഗൂഢാലോചനാ കേസിൽ ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് പോലീസ് കോടതിയിൽ അറിയിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാർ ശബ്ദ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാൽ ഒരാൾ വെറുതെ പറയുന്നത് വധഗൂഢാലോചനയാകുമോ എന്ന് പ്രോസിക്യൂഷനോട് ചോദിച്ചു. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം ചെയ്യേണ്ടേ എന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഇന്നും വാദം തുടരും.
















Comments