ലോസാഞ്ചലോസ്: ഓസ്‌കർ വേദിയിൽ വെച്ച് അവതാരകന്റെ കരണത്തടിച്ച സംഭവത്തിൽ വിൽ സ്മിത്തിനെതിരെ നടപടിയെടുത്തേയ്‌ക്കും. സംഭവത്തിൽ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്‌സ് ആൻഡ് സയൻസസ് വിൽ സ്മിത്തിനോട് വിശദീകരണം തേടി. ഏപ്രിൽ 18 യോഗം ചേർന്ന് സംഭവത്തിൽ നടപടിയെടുക്കും. വിൽ സ്മിത്തിന് വിലക്ക് ഏർപ്പെടുത്തുമെന്നാണ് സൂചന. ഓസ്‌കർ വേദിയിലെ സംഭവത്തിന് ശേഷം പുറത്ത് പോകാൻ വിൽസ്മിത്തിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പോയിരുന്നില്ല.
ഓസ്‌കർ വേദിയിലുണ്ടായ സംഭവത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ക്രിസ് റോക്ക് പറഞ്ഞത്. ഭാര്യ ജാദ പിക്കറ്റിന്റെ ഹെയർ സ്‌റ്റൈലിനെ ക്രിസ് റോക്ക് കളിയാക്കിയതായിരുന്നു വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. വേദിയിലേക്ക് കടന്നു വന്ന വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. വിൽസ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാർ വേദിയെ ഞെട്ടിച്ചിട്ടിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പരസ്യ പ്രതികരണവുമായി വിൽ സ്മിത്ത് എത്തിയിരുന്നു.
‘അക്രമം ഒരിക്കലും നടക്കാൻ പാടില്ലാത്തതും വിനാശകരവുമാണ്. ഓസ്‌കർ ചടങ്ങിനിടെ എന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രവർത്തനങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. ഭാര്യയ്‌ക്ക് നേരെയുള്ള പരാമർശത്തിൽ വികാരത്തോടെ പെരുമാറി. ജാദയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള തമാശ എനിക്ക് അംഗീകരിക്കാനായില്ല. തീർത്തും തെറ്റായിരുന്നു. അതിന് ഞാൻ എല്ലാവരോടും പരസ്യമായി മാപ്പ് ചോദിക്കുന്നു. സ്നേഹത്തിന്റേയും സമാധാനത്തിന്റേയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല’ എന്നാണ് വിൽ സ്മിത്ത് കുറിച്ചത്.
സംഭവത്തിന് പിന്നാലെ അക്കാദമിയുടെ 12 മുതിർന്ന അംഗങ്ങൾ അടിയന്തിര യോഗം ചേർന്നിരുന്നു. താരത്തിന്റെ ഓസ്‌കർ തിരിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് യോഗത്തിൽ ചർച്ച ചെയ്തത്. മികച്ച താരത്തിനുള്ള ഓസ്‌കർ അവാർഡ് ലഭിച്ചത് വിൽ സ്മിത്തിനായിരുന്നു. എന്നാൽ സമവായത്തിൽ എത്താൻ സാധിക്കാത്തതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
















Comments