കൊച്ചി; അഭ്രപാളികളെ അനശ്വരമാക്കിയ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥകൾ രചിച്ച ജോൺപോൾ ശ്വാസതടസ്സം ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ചികിത്സയിലാണ്. ഇദ്ദേഹത്തിന് സഹായവും പിന്തുണയുമായി കേരളത്തിലെ സാംസ്‌കാരിക നേതൃത്വം ഒരുമിക്കുന്നു.ജോൺപോളിന്റെ സുഹൃത്തുക്കളായ പ്രഫ.എം.കെ.സാനു, പ്രഫ.എം.തോമസ് മാത്യു, ഫാ.തോമസ് പുതുശേരി, എം.മോഹൻ, സിഐസിസി ജയചന്ദ്രൻ, പി.രാമചന്ദ്രൻ, അഡ്വ.മനു റോയ്, സി.ജി.രാജഗോപാൽ, ജോൺസൺ സി. ഏബ്രഹാം, തനൂജ ഭട്ടതിരി എന്നിവരാണ് സാമ്പത്തിക സഹായം ഉൾപ്പെടെ പിന്തുണയുമായി രംഗത്ത് എത്തിയത്.
വിവിധ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന ജോൺപോൾ മൂന്നുമാസത്തോളമായി ചികിത്സയിലാണ്. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ പ്രത്യേകപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് ചികിത്സതുടരാൻ വലിയതുക ആവശ്യമായിരിക്കുകയാണ്. നിലവിൽ 20 ലക്ഷത്തിലേറെ രൂപ ചെലവായി. ഇനിയും ചികിത്സയ്‌ക്ക് പണം വേണം. ഈ സാഹചര്യത്തിൽ ജോൺപോളിന്റെ കുടുംബത്തിനെ സഹായിക്കാനാണ് സുഹൃത്തുക്കളും സുമനസ്സുകളും രംഗത്ത് എത്തിയത്.
തിരക്കഥാകൃത്ത് മാത്രമായിരുന്നില്ല നിർമാതാവും കൂടിയായിരുന്നു 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.
ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ.
















Comments