തിരുവനന്തപുരം : വേനൽചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് സംസ്ഥാനത്ത് വാട്ടർ അതോറിറ്റി വെളളത്തിന്റെ നിരക്കുയർത്തി. വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അടിസ്ഥാന നിരക്കിൽ നിന്നും അഞ്ച് ശതമാനം വർദ്ധനവാണ് ഉണ്ടാവുക.
വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതോടെ 1000 ലിറ്ററിന് നാല് രൂപ 41 പൈസ നൽകേണ്ടിവരും. നിലവിലെ നിരക്ക് നാല് രൂപ 20 പൈസയാണ്. ഗാർഹികേതര ഉപഭോക്താക്കൾക്ക് ആയിരം ലിറ്ററിന് നേരത്തെ നൽകേണ്ടിയിരുന്നത് 15 രൂപ 75 പൈസയായിരുന്നു. ഇനി മുതൽ 16 രൂപ 54 പൈസ നൽകേണ്ടിവരും. വ്യാവസായിക കണക്ഷനുകൾക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതുക്കിയ നിരക്ക്.
ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനം വർദ്ധനവാണ് ജല അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 5000 ലിറ്റർ വെള്ളത്തിന് 21 രൂപയാണ് ഈടാക്കുന്നത്. ഇനി അത് 22.05 രൂപയാകും. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ച് ശതമാനം വർദ്ധനവാകും ഉണ്ടാവുക. പ്രതിമാസം 15,000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യം തുടരും.
















Comments