തിരുവനന്തപുരം : ഐടി പാർക്കുകളിലെ ബാർ ലൈസൻസ് ഐടി കമ്പനികൾ ചേർന്ന് രൂപീകരിക്കുന്ന ക്ലബ്ബുകൾക്ക് അനുവദിക്കും. പാർക്കിലെ കമ്പനികൾക്ക് ക്ലബ് രൂപീകരിച്ച് ലൈസൻസിന് അപേക്ഷിക്കാം. അബ്കാരി ചട്ടഭേദഗതിക്കായി എക്‌സൈസ് കമ്മീഷണർ കരട് ശുപാർശ സമർപ്പിച്ചു.
നിലവിൽ 20 ലക്ഷം രൂപയാണ് ക്ലബ് ലൈസൻസ് ഫീസ്. ഐടി പാർക്കിലെ ലൈസൻസ് ഫീസ് സർക്കാർ തീരുമാനിക്കും. ഐടി പാർക്ക് ക്ലബിൽ പ്രവേശന അനുമതി കമ്പനി ജീവനക്കാർക്കും അതിഥികൾക്കും മാത്രമായിരിക്കും.
സംസ്ഥാനത്ത് പുതിയ മദ്യനയം ഇന്നാണ് നിലവിൽ വന്നത്. മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ മദ്യനവിൽപ്പന ശാലകൾ ആരംഭിക്കും. ഐടി പാർക്കുകളിൽ ബാർ ആരംഭിക്കാമെന്നും നയത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബാർ ലൈസൻസിനായി ആര് അപേക്ഷ നൽകും, നിലവിൽ ബാറുകൾ നടത്തുന്നവർക്കായിരിക്കുമോ അപേക്ഷക്കുള്ള അനുമതി തുടങ്ങിയവയിൽ വ്യക്തത വന്നിട്ടുണ്ടായിരുന്നില്ല.
ഐടി പാർക്കിലെ കമ്പനി രൂപീകരിക്കുന്ന ക്ലബിനോ വിവിധി കമ്പനികൾ ചേർന്നുള്ള കൺസോർഷ്യം രൂപീകരിക്കുന്ന ക്ലബിനോ ലൈസൻസ് അനുവദിക്കണമെന്നാണ് എക്‌സൈസ് കമ്മീഷണറുടെ ശുപാർശ. ഒരു ഐടി പാർക്കിൽ എത്ര കമ്പനികൾക്ക് ലൈസൻസ് നൽകാമെന്നതിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം കൂടി ഉൾപ്പെടുത്തിയുള്ള ചട്ട ഭേദഗതിയാണ് ഉടൻ വരിക.
ക്ലബ് അംഗങ്ങൾക്കും അതിഥികൾക്കും മാത്രമായിരിക്കും ബാറിലേക്ക് പ്രവേശന അനുമതിയുണ്ടാവുക. 20 ലക്ഷമാണ് ക്ലബ് ലൈസൻസ് ഫീസ്. ഐടി പാർക്കിലെ ക്ലബുകൾക്കുള്ള ലൈസൻസ് ഫീസും ചട്ടഭേഗതിയിൽ സർക്കാർ തീരുമാനിക്കും.
















Comments