ആലപ്പുഴ: പണിമുടക്ക് ഉണ്ടാകുമ്പോൾ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുക സാധാരണമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സിപിഐഎം പാർട്ടി കോൺഗ്രസ് പതാക ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടത് സംഘടനകൾ നടത്തിയ പണിമുടക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ന്യായീകരണവുമായി എംഎ ബേബി രംഗത്ത് വന്നത്.
പണിമുടക്കുമ്പോൾ ചില അസൗകര്യം ആളുകൾക്ക് ഉണ്ടാവും. അത് സ്വാഭാവികമാണ്. മാറ്റത്തിന് വേണ്ടിയുള്ള പോരാട്ടം ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. രണ്ട് ദിവസം മുമ്പ് നടന്ന ദേശീയ പണിമുടക്ക്, തൊഴിലാളികളുടെ സംയുക്ത ശക്തി കാണിക്കുന്നതാണ്. കോടിക്കണക്കിന് തൊഴിലാളികൾ സമരരംഗത്ത് വന്നാൽ രാജ്യം നിശ്ചലമാകുമെന്ന ഓർമ്മിപ്പിക്കൽ ആയിരുന്നു സമരം. കുറച്ചാളുകൾക്ക് അതിൽ അസൗകര്യങ്ങൾ ഉണ്ടാവും. അതിന്റെ പ്രയാസം മനസ്സിലാക്കുന്നുവെന്നും എംഎ ബേബി വ്യക്തമാക്കി.
ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിലാണ് പാർട്ടി കോൺഗ്രസ് ചേരുന്നത്. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് റെഡ് ഫ്ലാഗ് ഡേ ആചരിക്കും.
















Comments