കോട്ടയം: ചങ്ങനാശ്ശേരിയിലെ വിഡി സതീശനെതിരായ പ്രകടനത്തെ തള്ളി സംസ്ഥാന അദ്ധ്യക്ഷൻ ആർ ചന്ദ്രശേഖരൻ.പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പ്രകടനം നടത്തിയ നടപടി തെറ്റാണെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.ഐഎൻടിയുസി യുടെ ജില്ലാ അദ്ധ്യക്ഷൻമാരുമായി ഇന്നുതന്നെ ആശയവിനിമയം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസിനൊപ്പം ആണ് ഐഎൻടിയുസി എന്ന് അദ്ദേഹം വ്യക്തമാക്കി.ഐഎൻടിയുസി പ്രവർത്തകർ പ്രതിഷേധങ്ങൾ നടത്തരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
എഐസിസിയുടെ സർക്കുലറിൽ അടക്കം ഐഎൻടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.പരാതിയും പരിഭവവും പറയേണ്ട സമയം അല്ല ഇതെന്ന് ചന്ദ്രശേഖർ പറഞ്ഞു.കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലയോടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ചങ്ങനാശ്ശേരിയിൽ ഐഎൻടിയുസിയുടെ പരസ്യ പ്രതിഷേധം നടന്നത്. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല എന്ന പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം.സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പിപി തോമസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ പ്രകടനത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മുദ്രാവാക്യം ഉയർന്നിരുന്നു.
ഇക്കാലമത്രയും ഐഎൻടിയുസി കോൺഗ്രസിനൊപ്പമാണ് നിന്നത,് വിഡി സതീശൻ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവന പിൻവലിക്കണമെന്നും പിപി തോമസ് പ്രകടനത്തിനിടെ ആവശ്യപ്പെട്ടിരുന്നു.പരസ്യ പ്രതിഷേധം വിവാദമായതോടെയാണ് സംസ്ഥാന അദ്ധ്യക്ഷൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
















Comments