മുംബൈ: ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന എതിരാളികളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റാ മോട്ടോഴ്സും കൈകോർത്ത് ഇവി വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇരുവരും ഒന്നിച്ച് പുറത്തിറക്കാൻ ഒരുങ്ങുന്ന വാഹനങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. മഹീന്ദ്രയും ടാറ്റയും ഒന്നിച്ച് ആരംഭിക്കുന്ന സംരംഭത്തിന് റിവോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇലക്ട്രിക് വാഹന രംഗത്ത് ഇതിനോടകം വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന മറ്റ് വാഹന നിർമ്മാതാക്കൾക്ക് കരുത്തനായ എതിരാളിയായിരിക്കും റിവോ എന്നാണ് സൂചന.
2021 ഡിസംബറിൽ ഇരു നിർമ്മാതാക്കളും അനൗപചാരികമായി നടത്തിയ സംഭാഷണത്തിലാണ് സഖ്യത്തിന്റെ തീരുമാനങ്ങൾ ഉടലെടുത്തതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. റിവോ എന്ന് നാമകരണം ചെയ്തിരിക്കുന്ന പ്രോജക്ട് വിജയിക്കുകയാണെങ്കിൽ ഇരു നിർമ്മാതാക്കളും ഒന്നിച്ച് പ്രവർത്തിക്കുമെന്നും രാജ്യത്തെ ഇവി വിപ്ലവത്തിന് ശക്തി കൂട്ടുമെന്നും കമ്പനികളുടെ ഉന്നത അധികാരികൾ വ്യക്തമാക്കി.
കോംപാക്ട് എസ് യുവി വിഭാഗത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുക എന്നതാണ് റിവോയിലൂടെ ലക്ഷ്യമിടുന്നത്. മഹീന്ദ്രയ്‌ക്കും ടാറ്റയ്‌ക്കും നിലവിൽ കോംപാക്ട് എസ് യുവികളുടെ പ്ലാനുകൾ ഇല്ല. . അതിനാൽ തന്നെ ഇരു നിർമ്മാതാക്കളുടെയും ആശയങ്ങൾ ഒന്നിച്ച് പ്രവർത്തിച്ച് ഇന്ത്യൻ നിരത്തിൽ പുതുചരിത്രം രചിക്കുന്ന ഒരു ഇവി പുറത്തിറങ്ങുമെന്നാണ് വാഹനപ്രേമികൾ വിലയിരുത്തുന്നത്.
കഴിഞ്ഞിടെ കാലിഫോർണിയയിലെ ബേ ഏരിയയിൽ നിന്ന് സ്ഥലം മാറി മഹീന്ദ്ര ഇലക്ട്രിക്കിൽ ചേർന്ന വിദ്യുത് വാഹങ്കറായിരിക്കും റിവോയുടെ ബിസിനസ് ഹെഡ്. ഇവി വാഹനങ്ങളുടെ ഡിസൈനിംഗ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ നേതൃത്വത്തിലായിരിക്കും അതേസമയം, വാഹനത്തിന്റെ എഞ്ചിനിയറിംഗും മറ്റ് സാങ്കേതിക വശങ്ങളും ടാറ്റയുടെ മേൽനോട്ടത്തിലായിരിക്കുമെന്നാണ് സൂചന. സുരക്ഷയുടെയും ഡിസൈനിന്റെയും പ്രവർത്തനക്ഷമതയുടെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ട് നിർമ്മാതാക്കളാണ് ടാറ്റയും മഹീന്ദ്രയും. അതിനാൽ തന്നെ ഇരുവരും ഒന്നിച്ചുള്ള സഖ്യത്തിനായി കാത്തിരിക്കുകയാണ് വാഹനപ്രേമികൾ.
















Comments