ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കസേര തെറിക്കാനിരിക്കെ ആ സ്ഥാനത്തേക്ക് അടുത്തത് ആരെത്തും എന്നതാണ് നിലവിലെ ചർച്ചാവിഷയം. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ ഒരു പ്രധാനമന്ത്രിക്ക് പോലും സാധിക്കാത്ത പാകിസ്താനിൽ ഇമ്രാൻ ഖാനും ഉടൻ രാജിവെക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷണം. ഞായറാഴ്ച നടക്കുന്ന നാഷണൽ അസംബ്ലിയിലാകും ഇമ്രാന്റെ രാഷ്‌ട്രീയ ഭാവി തീരുമാനിക്കുക.
ഇമ്രാൻ താഴെയിറങ്ങിയാൽ പ്രധാനമന്ത്രി പദവിയിലേക്ക് ആരാണ് എത്തുക എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച ചെയ്യുന്നത്. പാക് അധീന പഞ്ചാബിലെ മുൻ മുഖ്യമന്ത്രിയും പാകിസ്താൻ മുസ്ലീം ലീഗ് നവാസിന്റെ സഹ ചെയർമാനും നാഷണൽ അസംബ്ലിയിലെ പ്രതിപക്ഷ നേതാവുമായ ഷെഹബാസ് ഷെരീഫിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുൻ പ്രധാനമന്ത്രി നവാബ് ഷെരീഫിന്റെ സഹോദരൻ കൂടിയായ ഷെഹബാസ് ഷെരീഫ് നാടുകടത്തപ്പെട്ട് ലണ്ടനിലാണ് താമസിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പാകിസ്താൻ സുപ്രീം കോടതിയാണ് ഷെരിഫീനെ നാടുകടത്തിയത്.
രണ്ടര പതിറ്റാണ്ടിലേറെയായി രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന ഷരീഫ്, മൂന്ന് തവണ പഞ്ചാബ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായിരുന്നു ഷെരീഫ്. 2020 സെപ്റ്റംബറിൽ, 30 മില്യൺ പൗണ്ടിന് മുകളിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് ഷരീഫിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
പ്രധാനമന്ത്രി സ്ഥാനാർത്ഥി പട്ടികയിലേക്ക് അടുത്തതായി കൂട്ടിച്ചേർക്കുന്ന പേര് നവാസ് ഷെരീഫിന്റെ മകളും പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വൈസ് പ്രസിഡന്റുമായ മരിയം നവാസിന്റേതാണ്. ഇമ്രാൻ സർക്കാരിനെതിരെ തുടർച്ചയായി ആക്രമണം നടത്തുന്ന മരിയം പിതാവിന്റെ പാത പിന്തുടർന്നുകൊണ്ടാണ് പാർട്ടിയെ നയിക്കുന്നത്.
2018 ജൂലൈയിൽ, അവെൻഫീൽഡ് റഫറൻസ് കേസിലെ അഴിമതി ആരോപണത്തിൽ മരിയത്തിന് 2 മില്യൺ പൗണ്ട് പിഴയും ഏഴ് വർഷത്തെ തടവും വിധിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ 19 ന് ഇസ്ലാമാബാദ് ഹൈക്കോടതി അവരുടെ ശിക്ഷ റദ്ദാക്കി.
പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടേയും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടേയും മകൻ ബിലാവൽ ഭൂട്ടോ സർദാരിയെയും പരിഗണിക്കും എന്നാണ് വിവരം. പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാനാണ് ഭൂട്ടോ. അവിശ്വാസ പ്രമേയത്തിൽ നിന്നും ഒളിച്ചോടുന്ന ഇമ്രാൻ ഖാനെ ഭുട്ടോ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
















Comments