ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റാനും പരീക്ഷ സമയത്തെ മാനസിക സമ്മർദ്ദം കുറയ്‌ക്കാനും ലക്ഷ്യമിട്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷാ പേ ചർച്ചയിൽ നിരവധി കുട്ടികളാണ് പങ്കെടുത്തത്. പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചിരുന്നു. ചർച്ചയിൽ പങ്കെടുത്ത സഹോദരങ്ങളായ നന്ദിതയും നിവേദിതയും വേദഗണിതത്തെ പറ്റി പ്രധാനമന്ത്രിയ്‌ക്ക് വിശദീകരിച്ച് നൽകുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായത്.
കോട്ടയം റബ്ബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് ഇരുവരും. ആദ്യ ലോക്ഡൗൺ സമയത്ത് ആരംഭിച്ച വേദഗണിതത്തില പ്രവർത്തനങ്ങളും അനുഭവങ്ങളും ഇരുവരും ഡൽഹിയിലെ തൽക്കത്തോറ സ്‌റ്റേഡിയത്തിൽ നടന്ന ചർച്ചാ വേദിയിൽ പ്രദർശിപ്പിച്ചു. കൂടാതെ ഇതിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുമായി ഇരുവരും പങ്കുവെയ്‌ക്കുകയും ചെയ്തു.
നന്ദിതയും നിവേദിതയും ചേർന്ന് ആരംഭിച്ച മാത്‌സ് മെയ്ഡ് ഈസി വലിയ ശ്രദ്ധനേടിയിരുന്നു. ലളിതമായി കണക്ക് പഠിക്കാനുള്ള വിവരങ്ങളാണ് ഇതിൽ പറയുന്നത്. കണക്കിലെ കളികളും എളുപ്പവിദ്യകളും ചേർന്ന വേദഗണിത യൂട്യൂബിലൂടെയാണ് ഇരുവരും അവതരിപ്പിച്ചത്. കണക്ക് എളുപ്പത്തിൽ പഠിക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് നിവേദിതയേയും നന്ദിതയേയും സമീപിച്ചത്.
തണ്ണീർമുക്കം വൈശാഖ് വീട്ടിൽ വേദഗണിത അദ്ധ്യാപകനായ പി, ദേവരാജിന്റേയും കോട്ടയം പാമ്പാടിയിലെ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ പ്രോഗ്രാമറുമായ പി.എസ് ധന്യയുടെയും മക്കളാണ് ഇരുവരും. ദേവരാജനിൽ നിന്നുമാണ് കുട്ടികൾ വേദഗണിതം പഠിക്കുന്നത്. നന്ദിതയും നിവേദിതയും ഓൺലൈനായി ക്ലാസ് എടുക്കുകയും ചെയ്യുന്നുണ്ട്. ആദ്യം സ്‌കൈപ്പ് വഴിയായിരുന്നു ക്ലാസ്. ഇപ്പോൾ ഗൂഗിൾ മീറ്റ് വഴിയും ഇവർ ക്ലാസെടുക്കുന്നുണ്ട്.
















Comments