കൊച്ചി: ആലുവയിൽ പോപ്പുലർ ഫ്രണ്ടിന് അഗ്നിരക്ഷാ സേന പരിശീലനം നൽകിയ സംഭവത്തിൽ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി ബി. സന്ധ്യ.ഫയർ ഫോഴ്‌സിന് ഗുരുതരവീഴ്ചയാണെന്ന് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർക്കെതിരെ നടപടിയ്‌ക്കും ശുപാർശ ചെയ്തു. സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സന്ധ്യ, കൊച്ചി റീജിയണൽ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.
ആർഎഫ്ഒ, ജില്ലാ ഫയർഫോഴ്‌സ് ഓഫീസർ, പരിശീലനം നൽകിയ മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നടപടി. കഴിഞ്ഞ മാസം 30-ാം തീയതിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. റീജിയണൽ ഓഫീസറുടെ അനുമതിയോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചതെന്നത് ഗുരുതര വീഴ്‌ച്ചയാണെന്ന് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അഗ്നിശമന സേനാ ജീവനക്കാരായ ബി.അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരാണ് പരിശീലനം നൽകിയത്.
എന്നാൽ റീജിയണൽ ഓഫിസിൽ നിന്നുള്ള നിർദ്ദേശം പാലിക്കുകയാണ് ഇവർ ചെയ്തതെന്നാണ് വിവരം. ആലുവ പ്രയദർശിനി മുൻസിപ്പൽ ഓഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
Comments