ന്യൂഡൽഹി: നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കേന്ദ്രസർക്കാരിന്റെ തീരുമാനം വിപ്ലവാത്മകമാണെന്ന് കിരൺ റിജിജു വിശേഷിപ്പിച്ചു.
ആദ്യമായിട്ടാണ് രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുഖ്യധാരയിൽ ഉൾപ്പെട്ടതായി തോന്നുന്നത്. വടക്കുകിഴക്കൻ മേഖലയ്‌ക്ക് പ്രാധാന്യം കൽപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും അഫ്സ്പ നീക്കം ചെയ്തതോടെ സമാധാനത്തിന്റെ പുതുയുഗം അവിടങ്ങളിൽ ആരംഭിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും കിരൺ റിജിജു പറഞ്ഞു.
അഫ്സ്പ മേഖലകൾ വെട്ടിക്കുറയ്‌ക്കുകയാണ് എന്നു പറയുമ്പോൾ അവിടങ്ങളിൽ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടുവെന്നാണ് അർത്ഥമാക്കുന്നത്. വടക്കുകിഴക്കൻ മേഖലകളിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി ഇക്കഴിഞ്ഞ വർഷങ്ങൾ കേന്ദ്രസർക്കാർ സ്വീകരിച്ച പ്രതിബദ്ധതയുടെ ഫലമാണിതെന്നും കേന്ദ്രനിയമമന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിൽ അഫ്സ്പ മേഖലകൾ വെട്ടിക്കുറച്ചത്. ഏപ്രിൽ 1 മുതൽ കേന്ദ്രസർക്കാർ തീരുമാനം പ്രാബല്യത്തിൽ വരികയും ചെയ്തു.
Comments