ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യണമെന്ന് മറിയം നവാസ് ഷെരീഫ്. രാജ്യദ്രോഹത്തിനും പ്രകോപനം നടത്തിയതിനും ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യണമെന്നാണ് നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് ഷെരീഫ് ആവശ്യപ്പെട്ടത്. പാക് മുൻ പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഇമ്രാൻ ഖാന്റെ ഭരണകക്ഷിയായ പിടിഐ പാർട്ടിയുടെ പ്രവർത്തകനാണ് ലണ്ടനിൽ വെച്ച് നവാസ് ഷെരീഫിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. അക്രമികളെ പിടികൂടുന്നതിനിടെ നവാസ് ഷെരീഫിന്റെ അംഗരക്ഷകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം പാകിസ്താൻ പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതെ സഭ പിരിയുകയും വോട്ടെടുപ്പ് ഏപ്രിൽ മൂന്നിലേക്ക് മാറ്റിവെക്കുകയുമായിരുന്നു. പ്രതിപക്ഷം ബഹളം വെച്ചുവെന്നും കാര്യഗൗരവമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയം ചർച്ച ചെയ്യാതെ സഭ പിരിച്ചുവിടാൻ ഡെപ്യൂട്ടി സ്പീക്കർ ഉത്തരവിട്ടത്.
എന്നാലിന്ന് പ്രതിപക്ഷ പാർട്ടികൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ തുടർ നടപടികളുണ്ടാകുമെന്നാണ് വിലിയിരുത്തുന്നത്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ പാക് സർക്കാർ താഴെ വീഴുമെന്നും ഇമ്രാൻ ഖാൻ രാജിവെക്കേണ്ടിവരുമെന്നുമാണ് നിരീക്ഷണം. ഇമ്രാൻ ഖാന്റെ സഖ്യകക്ഷികൾ ഉൾപ്പെടെ പിന്മാറിയതോടെയാണ് പാക് സർക്കാർ പ്രതിസന്ധിയിലായത്.
















Comments