കോഴിക്കോട് : സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. തുടർഭരണത്തിന് ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ലെന്ന് ബിഷപ്പ് പറഞ്ഞു. പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിൻമാറണം എന്നും താമരശേരി ബിഷപ്പ് വ്യക്തമാക്കി.
മദ്യപാനികളുടെ എണ്ണം കൂടുന്ന സമയമാണിത്. പുതിയ മദ്യനയം അപലപനീയമാണ്. സാധാരണക്കാരുടെ ദൗർബല്യമാണ് സർക്കാർ ചൂഷണം ചെയ്യുന്നത്. ഐടി പാർക്കുകളിൽ മദ്യമാകാം എന്ന നയം മദ്യപാനികളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുതിയ മദ്യനയത്തിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് കെസിബിസിയും നേരത്തെ രംഗത്തെത്തിയിരുന്നു. മദ്യാസക്തയിലേക്ക് ജനത്തെ തള്ളിവിടുന്ന സംസ്‌കാരത്തെ നവദ്ധാനമെന്ന് എങ്ങനെ വിളിക്കാനാകുമെന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതി ചോദിച്ചത്. സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാൻ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്. മദ്യലോബികളുടെ പ്രീണനത്തിൽപ്പെട്ട് കേരളത്തെ മദ്യഭ്രാന്താലയമാക്കരുത് എന്നും കെസിബിസി പറഞ്ഞിരുന്നു.
സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപ്പന ശാലകൾ ആരംഭിച്ചുകൊണ്ട് മദ്യം കൂടുതൽ സുലഭമാക്കാനാണ് സർക്കാർ പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
















Comments