തൃശ്ശൂർ: കുടുംബശ്രീ പ്രവർത്തകർക്കായി കാഞ്ഞാണി സിംല തീയേറ്ററിൽ നവ്യാ നായർ നായികയായ ‘ഒരുത്തീ’ പ്രത്യേക പ്രദർശനം നടത്തി. മോണിങ് ഷോ കഴിഞ്ഞയുടൻ നവ്യാ നായർ നേരിട്ടെത്തി കുടുംബശ്രീ പ്രവർത്തകരുമായി സംവദിച്ചു. നവ്യയെ നേരിട്ട് കണ്ടതോടെ കുടുംബശ്രീ പ്രവർത്തകർ ആവേശത്തിലായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശ്ശൂർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കുടുംബശ്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടി സ്ത്രീപക്ഷ സിനിമയായ ‘ഒരുത്തീ’ പ്രത്യേകം പ്രദർശിപ്പിച്ചത്. വലിയ ഇടവേളയ്‌ക്ക് ശേഷം ശക്തവും വ്യത്യസ്തവുമായിട്ടുള്ള ഒരു കഥാപാത്രമായാണ് നവ്യ നായർ ചിത്രത്തിലെത്തിയത്.
എസ് സുരേഷ് ബാബുവാണ് ഒരുത്തീയ്‌ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സൈജു കുറുപ്പ് സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്
















Comments